പുതിയങ്ങാടിയിൽ കാണാനാകാത്തത് ഖത്തറിൽ കാണും
text_fields2002ലെ കൊറിയ -ജപ്പാൻ ലോകകപ്പ് മുതലാണ് ഞാൻ ഫുട്ബാൾ കാണാൻ തുടങ്ങിയത്. അന്നെനിക്ക് 12 വയസ്സായിരുന്നു പ്രായം. ടി.വിയിൽ വീട്ടിലെ മുതിർന്നവർക്കൊപ്പം കളി കണ്ടിരുന്നാണ് ഇഷ്ടം തുടങ്ങിയത്.
കളി ജപ്പാനിലാണെങ്കിലും എന്റെ നാടായ കണ്ണൂർ ജില്ലയിലെ പുതിയങ്ങാടിയിലും ലോകകപ്പ് ഫുട്ബാളിന്റെ ആവേശം കൊടുമുടിയിലെത്തിയിരിക്കുന്നു. നാട്ടിലെങ്ങും വിവിധ ടീമുകളുടെ കൊടിതോരണങ്ങൾ നിറഞ്ഞിരുന്നു.
പ്രധാന ടീമുകളുടെ കളിയാണെങ്കിൽ കാണാൻ ആളുകൂടും. അങ്ങാടിയിലെ ഒരു കടമുറിയിൽ അന്ന് കളി കാണാൻ സൗകര്യം ഒരുക്കിയിരുന്നു. ചെറിയ ടി.വിക്ക് മുന്നിലിരുന്ന് കളി കണ്ടതും ആളുകൾ പക്ഷം ചേർന്ന് പ്രോത്സാഹിപ്പിച്ചിരുന്നതും ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നു. ബ്രസീലിനും അർജന്റീനക്കുമായിരുന്നു നാട്ടിൽ ആരാധകർ കൂടുതൽ.
ബ്രസീൽ ഫൈനലിൽ കരുത്തരായ ജർമനിയെ തോൽപിച്ച് കിരീടം നേടിയതോടുകൂടി ഞാൻ ബ്രസീൽ ടീമിന്റെ ഇഷ്ടക്കാരനായി. പിന്നെ അവരുടെ കളികൾ കാത്തിരുന്നു കാണാൻ തുടങ്ങി. അങ്ങനെ 2006 ലോകകപ്പ് എത്തി. പ്രതീക്ഷയോടെ ബ്രസീലിന്റെ കളിക്കായി കാത്തിരുന്നെങ്കിലും ക്വാർട്ടറിൽ പ്രതീക്ഷകൾ അവസാനിച്ചു. 2010ലും 2014ലും ബ്രസീൽ ടീം ആരാധകരുടെ പ്രതീക്ഷ കാത്തില്ല.
അഞ്ചുതവണ തവണ ലോകകപ്പ് കിരീടം നേടിയ ചരിത്രം ബ്രസീലിനൊപ്പമുണ്ടെങ്കിലും ഇഷ്ടടീം കപ്പുയർത്തുന്നത് എനിക്ക് നേരിട്ടു കാണാനായില്ല.
ഇത്തവണയും വലിയ പ്രതീക്ഷയുമായാണ് ബ്രസീലിന്റെ വരവ്. നെയ്മർ, വിനീഷ്യസ് ജൂനിയർ, ജീസസ്, ഫിർമീന്യോ, റഫിഞ്ഞ, ഫാബിന്യോ, കാസിമെറോ, തിയാഗോ സിൽവ, മാർക്കിന്യോസ്, അല്ലിസൺ ബെക്കർ, എഡേഴ്സൺ എന്നിവരൊക്കെയും ലോക ഫുട്ബാളിലെ മുൻനിര ക്ലബുകളുടെ കീഴിൽ മികച്ച ഫോമിലാണ്. അതിനാൽ തന്നെ ഇത്തവണ ഖത്തറിലേക്ക് പറക്കുന്ന കാനറികൾ കപ്പുമായി തിരികെ പറക്കും എന്ന് വിശ്വസിക്കുന്നു. അങ്ങനെ കുറച്ചുനാളത്തെ കിരീട വരൾച്ച ബ്രസീൽ മറികടക്കും. അത് കാണാനായുള്ള കാത്തിരിപ്പാണിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.