ക്വാറൻറീൻ തീരുമാനം പുനഃപരിശോധിക്കണം -കെ.എം.സി.സി
text_fields കുവൈത്ത് സിറ്റി: വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് ഏഴ് ദിവസത്തെ സമ്പർക്കവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. രണ്ട് ഡോസ് വാക്സിനു പുറമെ, ബൂസ്റ്റർ ഡോസുമെടുത്തവർ 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ ടെസ്റ്റും കഴിഞ്ഞാണ് വിമാനത്താവളത്തിൽനിന്ന് പുറത്തുവരുന്നതെന്നും നേതാക്കൾ പറഞ്ഞു.
മറിച്ച് ആയിരക്കണക്കിനാളുകൾ ഒരുമിച്ചു കൂടുന്ന പരിപാടികൾ സർക്കാർ തലത്തിൽ തന്നെ നടത്തുകയും ഇത്തരം പരിപാടികൾക്ക് മന്ത്രിമാർ തന്നെ നേതൃത്വം നൽകുന്ന നാട്ടിൽ വാക്സിനേഷനും മുഴുവൻ പരിശോധനകളും കഴിഞ്ഞ് വരുന്ന പ്രവാസികൾക്ക് മാത്രം സമ്പർക്കവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം വിവേചനപരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രവാസികളെ മാത്രം ക്വാറൻറീൻ ചെയ്യുന്നത് നീതിയല്ല -കെ.ഡി.എൻ.എ
കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളിൽനിന്ന് പ്രത്യേകിച്ച് ഗൾഫിൽനിന്ന് കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴുദിവസം നിർബന്ധിത ക്വാറൻറീനും അടുത്ത ഏഴുദിവസം സ്വയം നിരീക്ഷണവും ഏർപ്പെടുത്തിയ കേരള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) മുഖ്യമന്ത്രിക്ക് അടിയന്തര സന്ദേശമയച്ചു. വിദേശരാജ്യങ്ങളിൽനിന്ന് രണ്ടു ഡോസ് വാക്സിനും യാത്രക്കുമുമ്പുള്ള പി.സി.ആർ ടെസ്റ്റും എടുത്ത് നെഗറ്റിവ് ആയവർ മാത്രമാണ് യാത്രചെയ്യുന്നത്.
കൂടാതെ, കരുതൽ ടോസ്കൂടി എടുത്താണ് മിക്കവരും യാത്രചെയ്യുന്നതും. നാട്ടിലെത്തുന്ന പ്രവാസികളുടെ കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആണെങ്കിൽ അധിക ക്വാറൻറീനീൽനിന്ന് ഒഴിവാക്കി അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ അവസരമുണ്ടാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
പ്രവാസികളുടെ ക്വാറന്റീൻ അശാസ്ത്രീയം -ഐ.എം.സി.സി
കുവൈത്ത് സിറ്റി: രണ്ടു ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണ് ഭൂരിപക്ഷം പ്രവാസികളും എന്നിരിക്കെ ഗൾഫിൽനിന്ന് കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാരും ഏഴുദിവസം നിർബന്ധിത ക്വാറൻറീനും സ്വയം നിരീക്ഷണവും വേണമെന്ന സർക്കാർ തീരുമാനം അശാസ്ത്രീയമാണെന്നും ഐ.എം.സി.സി വാർത്താകുറിപ്പിൽ അറിയിച്ചു. പി.സി.ആർ നെഗറ്റിവ് ആയാണ് പ്രവാസികൾ നാട്ടിലേക്ക് യാത്രചെയ്യുന്നത്. നാട്ടിൽ എത്തിയാൽ വീണ്ടും പി.സി.ആർ എടുത്ത് നെഗറ്റിവ് ആണെന്ന് ഉറപ്പുവരുത്തുന്നു.
ഇത്രയും കാര്യങ്ങൾ നാട്ടിലുള്ള ആളുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല വലിയ രീതിയിലുള്ള കൂടിച്ചേരലുകളും നടക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ നിർബന്ധിത ക്വാറൻറീൻ അശാസ്ത്രീയവും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതുമാണ്. അത്യാവശ്യ കാര്യങ്ങൾക്കായി നാട്ടിലേക്ക് വരുന്നവർക്ക് ഇത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും. അതിനാൽ ഈ തീരുമാനം പുനഃപരിശോധിക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
തീരുമാനം പിൻവലിക്കണം -വെൽഫെയർ കേരള കുവൈത്ത്
കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽനിന്ന് കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴുദിവസം നിർബന്ധിത ഹോം ക്വാറൻറീൻ ഏർപ്പെടുത്തുമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് വെൽഫെയർ കേരള കുവൈത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കാതെ നടക്കുന്ന സമ്മേളനങ്ങളും ആഘോഷങ്ങളും കേരളത്തില്‍ അരങ്ങേറുമ്പോള്‍ പ്രവാസികള്‍ക്ക് മേല്‍ മാത്രം പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിൽ യുക്തിയില്ല. വിദേശത്തുനിന്ന് വരുന്നവരിൽ ഭൂരിഭാഗം യാത്രക്കാരും രണ്ടു ഡോസ് വാക്സിനുകളും കൂടെ ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണ്.
മാത്രമല്ല, ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റിവ് ആയതിനുശേഷമാണ് അവർ യാത്ര ചെയ്യുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നടത്തുന്ന പരിശോധനയിൽ നെഗറ്റിവ് ഫലം ലഭിക്കുന്ന മുറക്ക് പ്രവാസികള്‍ക്ക് പുറത്തിറങ്ങാന്‍ അവസരമുണ്ടാകണം. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് പല പ്രവാസികളും ഉറ്റവരെ കാണാന്‍ നാട്ടിലേക്ക് മടങ്ങുന്നത്. കുറഞ്ഞ ദിവസത്തിനു മാത്രം നാട്ടില്‍വരുന്ന പ്രവാസികളെ അശാസ്ത്രീയമായ ക്വാറൻറീന് തടവിലിരുത്തുന്നത് ദ്രോഹമാണെന്ന് വെൽഫെയർ കേരള കുവൈത്ത് ചൂണ്ടിക്കാട്ടി.
]പ്രതിഷേധം പ്രവാസി ശബ്ദമായി മാറണം -കെ.കെ.എം.എ
കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽനിന്ന് നാട്ടിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴുദിവസത്തെ നിർബന്ധിത ഹോം ക്വാറൻറീൻ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ പ്രതിഷേധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന പൊതുസമ്മേളനങ്ങളും ആഘോഷങ്ങളും നാട്ടിൽ അരങ്ങുതകർക്കുമ്പോൾ പ്രവാസികളുടെ മേൽ മാത്രം അശാസ്ത്രീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് കടുത്ത അനീതിയാണ്.
പ്രവാസികളെ ദുരിതത്തിലാക്കുന്ന ഇത്തരം തീരുമാനങ്ങൾ പിൻവലിക്കണം. വിദേശ രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് വരുന്നവരിൽ ഭൂരിഭാഗവും രണ്ടു ഡോസ് വാക്സിനും കൂടാതെ ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണ്. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമായാണ് വരുന്നത്. ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലേക്ക് വരുന്ന ഇത്തരം പ്രവാസികളെ ഒരാഴ്ചത്തെ ഹോം ക്വാറൻറീനിലേക്ക് തള്ളിവിടുന്നത് കടുത്ത ദ്രോഹമാണ്. ഇതിനെതിരെ മുഴുവൻ പ്രവാസി സമൂഹത്തിൽനിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും കെ.കെ.എം.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സമ്പർക്കവിലക്ക്: അധികൃതർക്ക് ഐ.സി.എഫ് കത്തയച്ചു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസത്തെ നിർബന്ധിത സമ്പർക്കവിലക്ക് വേണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തീരുമാനം അശാസ്ത്രീയവും വിവേചനവുമായതിനാൽ പിൻവലിക്കണമെന്ന് ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കും കേന്ദ്ര സഹമന്ത്രിക്കും കത്തയച്ചു. വിദേശങ്ങളിൽ നിന്നും വരുന്നവർ രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചവരും ശേഷം നിരവധി പരിശോധനകളും കർശനമായ മാനദണ്ഡങ്ങളും പാലിച്ച് യാത്ര ചെയ്യുന്നവരുമാണ്. ഇന്ത്യയിലെ വിമാനത്താവളത്തിലും ഇവർക്ക് കോവിഡ് പരിശോധന നടത്തുന്നുണ്ട്.
ഒമിക്രോൺ വ്യാപനം കുറവുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസികൾക്ക് സമ്പർക്കവിലക്കും വ്യാപനം കൂടുതലുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് അതിർത്തികൾ തുറന്നിടുകയും ചെയ്യുന്ന നടപടി വിവേചനമാണ്. സമ്മേളനങ്ങൾക്കും റാലികൾക്കും സമ്മേളനങ്ങൾക്കും ഉദ്ഘാടന മഹാമഹങ്ങൾക്കും ഒരു നിയന്ത്രണവുമില്ലാതെ പ്രവാസികളുടെ മേൽ എല്ലാം കെട്ടിവെക്കുന്നത് നീതികേടാണെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.