പുകവലി നിർത്തണോ? ആരോഗ്യ മന്ത്രാലയം സഹായിക്കും
text_fieldsകുവൈത്ത് സിറ്റി: പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് സഹായ വാഗ്ദാനവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. വിവിധ ആരോഗ്യ മേഖലകളിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് മന്ത്രാലയം 'ക്വിറ്റ് സ്മോക്കിങ് അസിസ്റ്റൻസ് സർവിസ്' ആരംഭിച്ചു.
കാപിറ്റൽ ഗവർണറേറ്റിലെ അബ്ദുല്ല അൽ ഹാദി, അലി തുനായൻ, അബ്ദുറഹ്മാൻ അബ്ദുൽ മുഗ്നി ആരോഗ്യ കേന്ദ്രങ്ങളും ഫർവാനിയ ഗവർണറേറ്റിലെ അൽ റബീഅ ആരോഗ്യ കേന്ദ്രവും ഹവല്ലി ഗവർണറേറ്റിലെ അൽ റുമൈതിയ ആരോഗ്യ കേന്ദ്രവും ജഹറ ഗവർണറേറ്റിലെ അൽ അയ്യൂൻ ആരോഗ്യ കേന്ദ്രവും അഹ്മദി ഗവർണറേറ്റിലെ അൽ ദഹർ ആരോഗ്യ കേന്ദ്രവുമാണ് ഇതിനായി തെരഞ്ഞെടുത്തത്. ലഹരിമുക്തി ചികിത്സയിൽ പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാർ ഇൗ കേന്ദ്രങ്ങളിൽ ഉണ്ടാകും.
അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച ചികിത്സയും പരിചരണവും പുകവലി ശീലത്തിൽനിന്ന് ഒഴിവാകാൻ ആഗ്രഹിക്കുന്നവർക്കായി ഒരുക്കും. ആഴ്ചയിൽ ഒരുദിവസമാണ് നിലവിൽ 'ക്വിറ്റ് സ്മോക്കിങ് അസിസ്റ്റൻസ്' സർവിസ് ഉണ്ടാകുക. സമയം ദീർഘിപ്പിക്കുന്നതും കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കുന്നതും പിന്നീട് പരിഗണിക്കും.
കുവൈത്ത് ആരോഗ്യ മന്ത്രാലയം 50 പുകവലി വിമുക്തി ചികിത്സ കേന്ദ്രം തുറക്കാനൊരുങ്ങുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. അഞ്ചു വർഷങ്ങളിൽ ഒാരോ വർഷവും പത്ത് വീതം ക്ലിനിക്കുകൾ തുറക്കാനാണ് പദ്ധതി. 419 ദശലക്ഷം ദീനാറാണ് മൊത്തം പദ്ധതി ചെലവായി കണക്കാക്കിയിട്ടുള്ളത്.
യുവാക്കളിലും കൗമാരക്കാരിലും പുകവലി ശീലം വർധിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. സെലക്ടിവ് ടാക്സ് ഏർപ്പെടുത്തി പുകയില ഉൽപന്നങ്ങളുടെ വില കുത്തനെ വർധിപ്പിച്ച് ഉപഭോഗം കുറക്കാനും നീക്കമുണ്ട്.
എന്നാൽ, കുവൈത്ത് പോലെ പൗരന്മാർ സമ്പന്നരായ രാജ്യത്ത് അതിനേക്കാൾ ഫലപ്രദമാകുക ബോധവത്കരണവും ശാസ്ത്രീയ ചികിത്സ സൗകര്യങ്ങളൊരുക്കുന്നതുമാണെന്നാണ് നിരീക്ഷണം.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം കുവൈത്തിൽ പ്രായപൂർത്തിയായവരിൽ 20.5 ശതമാനം പുകവലി ശീലമുള്ളവരാണ്. 3.3 ശതമാനം സ്ത്രീകളും പുകവലിക്കാരാണ്.
പുകവലിക്കാരിൽ 15.4 ശതമാനം 13നും 15നും ഇടയിൽ പ്രായമുള്ളവരാണ്. ചെറുപ്പക്കാരിലെ പുകവലി ശീലം തുടക്കത്തിലേ കണ്ടെത്തി ചികിത്സ നൽകിയാൽ മാറ്റിയെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഏറ്റവും കൂടുതൽ പുകവലിക്കാരുള്ളത് 30നും 40നും ഇടയിൽ പ്രായക്കാരിലാണ്. 'കോവിഡ് കാലത്ത് പുകവലിശീലം ഉപേക്ഷിക്കാം' തലക്കെട്ടിൽ അടുത്തിടെ ആരോഗ്യ മന്ത്രാലയം വിപുലമായ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.