ഖുറൈൻ സാംസ്കാരികോത്സവത്തിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: അറബ് മേഖലയിലെ സാംസ്കാരിക പരിപാടികളിൽ പ്രധാനമായ ഖുറൈൻ കൾപറൽ ഫെസ്റ്റിവലിന് തുടക്കം. സാൽമിയയിലെ അബ്ദുൽ ഹുസൈൻ അബ്ദുൽ റെദ തിയറ്ററിൽ 11 ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ സാംസ്കാരിക, സാഹിത്യ, കല, ശാസ്ത്ര, പൈതൃക രംഗങ്ങൾ അരങ്ങിലെത്തുകയും ചർച്ചയാകുകയും ചെയ്യും. കുവൈത്തിന്റെ കാഴ്ചപ്പാടും സംസ്കാരവും സാക്ഷാത്കരിക്കുന്നതുകൂടിയാണ് ഫെസ്റ്റ്. 28ാമത് ഫെസ്റ്റിവലിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്.
ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻ.സി.സി.എ.എൽ) പ്രസിഡന്റുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്കിടയിൽ സാംസ്കാരിക വിനിമയത്തിനും ആശയവിനിമയത്തിനും സഹവർത്തിത്വത്തിനും ഫലപ്രദമായ സംഭാവന നൽകുന്നതിൽ ഫെസ്റ്റിവൽ വിജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലെ കല-സാംസ്കാരിക പ്രസ്ഥാനത്തെ സമ്പന്നമാക്കുകയും അറബ് ലോകത്തെ പ്രബുദ്ധതക്ക് സംഭാവന നൽകുകയും ചെയ്തതായി അൽ മുതൈരി ചൂണ്ടിക്കാട്ടി. രാജ്യം 62ാമത് സ്വാതന്ത്ര്യദിനവും 32ാമത് വിമോചനദിനവും ആഘോഷിച്ച് ഏതാനും ദിവസങ്ങൾക്കുശേഷം നടക്കുന്ന ഫെസ്റ്റിവൽ ദേശീയ അഭിമാനം വർധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് സംഭാവന ചെയ്യുന്ന വിവിധ വിഷയങ്ങൾ, സിമ്പോസിയങ്ങൾ, നാടകപ്രകടനങ്ങൾ, സാഹിത്യ പരിപാടികൾ, ദൃശ്യ-ശ്രാവ്യ കലകളുടെ പ്രദർശനം, പ്രത്യേക സിമ്പോസിയം എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമാണ്.
കുവൈത്ത് കവിയായ അഹ്മദ് അൽ ഷർഖാവി, അന്തരിച്ച കുവൈത്ത് ജ്യോതിശാസ്ത്രജ്ഞനും കാലാവസ്ഥ നിരീക്ഷകനുമായ ഡോ. സാലിഹ് അൽ ഒജൈരി, സൗദി കവി ബദർ ബിൻ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് എന്നിവരെ ഫെസ്റ്റിവലിൽ ആദരിക്കും. ആധുനിക അറബി കവിതകൾക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് ബദർ അൽ സൗദിനെ ഈ വർഷത്തെ ഫെസ്റ്റിവലിന്റെ വ്യക്തിത്വമായി തിരഞ്ഞെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.