സ്വീഡനിലെ ഖുർആൻ കത്തിക്കൽ: ദേശീയ അസംബ്ലി അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: സ്വീഡനിൽ അടുത്തിടെ ഖുർആൻ പകർപ്പുകൾ കത്തിച്ചതിനെ കുവൈത്ത് ദേശീയ അസംബ്ലി അപലപിച്ചു. സ്വീഡനിലെ തീവ്ര ചിന്താഗതിക്കാരൻ നടത്തിയ പ്രവൃത്തിയെ ശക്തമായി അപലപിച്ച അസംബ്ലി, സംഭവം മുസ്ലിംകൾക്കും നേരെയുള്ള പ്രകോപനപരമായ പ്രവൃത്തിയാണെന്നും വിശേഷിപ്പിച്ചു. ഇസ്ലാമികവിശുദ്ധ ചിഹ്നങ്ങൾക്കെതിരായ ഇത്തരം നടപടികൾ ആവർത്തിക്കുന്നതിൽ അസംബ്ലി അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ഇത്തരം പ്രവൃത്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ലോക സർക്കാറുകളോടും പാർലമെന്റുകളോടും കുവൈത്ത് ദേശീയ അസംബ്ലി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ പള്ളിക്കു മുന്നിൽ വലതുപക്ഷ തീവ്രവാദികൾ ഖുർആൻ പകർപ്പ് കത്തിച്ചിരുന്നു.
അതേസമയം, സ്വീഡനിൽ ഒരു ലക്ഷം ഖുർആൻ വിവർത്തനങ്ങൾ വിതരണംചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇസ്ലാം, ഖുർആൻ എന്നിവയെക്കുറിച്ച് സ്വീഡനിലെ ആളുകൾക്ക് നേരിട്ടുള്ള അറിവ് ലഭിക്കുന്നതിനുവേണ്ടിയാണ് ഈ നീക്കം. തീവ്രവാദത്തെയും വിദ്വേഷത്തെയും ചെറുക്കുന്നതിനും ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.