ഖുർആൻ പകർപ്പ് കത്തിച്ച സംഭവം: സ്വീഡനെ ബഹിഷ്കരിക്കണമെന്ന് ആവശ്യം
text_fieldsകുവൈത്ത് സിറ്റി: സ്വീഡനിൽ ആവർത്തിച്ചുള്ള ഖുർആൻ അനാദരവുകളെ ശക്തമായി അപലപിച്ച് ഭരണനേതൃത്വത്തിന് പിറകെ വിവിധ സംഘടനകളും. വിശ്വാസ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും മാനിക്കുന്നതിന്റെ മറവിൽ അവഹേളന പ്രവർത്തനങ്ങൾക്ക് സ്വീഡിഷ് സർക്കാർ അനുമതി നൽകിയതിനെ ഭൂരിപക്ഷവും വിമർശിച്ചു.
പാശ്ചാത്യ സർക്കാറുകൾ ഇസ്ലാമിനെയും മുസ്ലിംകളെയും ബഹുമാനിക്കുകയും അവരെ പ്രകോപിപ്പിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത കുവൈത്തിലെ ആറു വിഭാഗങ്ങൾ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അപലപനീയമായ ഈ കുറ്റകൃത്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതിലും സർക്കാറുകൾ അവക്ക് സംരക്ഷണം ഒരുക്കുന്നതിലും പ്രസ്താവന ആശങ്ക പ്രകടിപ്പിച്ചു. ദ ഡെമോക്രാറ്റിക് പ്ലാറ്റ്ഫോം, ദേശീയ ഇസ്ലാമിക സഖ്യം, ഇസ്ലാമിക് ഭരണഘടന പ്രസ്ഥാനം, സലഫിസ്റ്റ് ഇസ്ലാമിക് ഗ്രൂപ്, ദ നാഷനൽ പാക്ട് ഗാദറിങ്, ജസ്റ്റിസ് ആന്ഡ് പീസ് ഗ്രൂപ് എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തുവിട്ടത്.
സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായി അവകാശപ്പെടുന്നതിനാൽ, മതപരമായ ആചാരങ്ങളെയും പവിത്രതകളെയും അവഹേളിക്കുന്നത് കുറ്റകരമാക്കുന്ന നിയമനിർമാണം നടത്തി വിശ്വാസ്യത തെളിയിക്കാൻ സ്വീഡിഷ് പാർലമെന്റിനോട് പ്രസ്താവന ആവശ്യപ്പെടുന്നതായി അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു.
വിഷയത്തിൽ നിർണായകവും ഉറച്ചതുമായ നിലപാടുകൾ സ്വീകരിക്കാൻ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളോട് അഭ്യർഥിച്ചു. സ്വീഡനുമായി ഒപ്പുവെച്ച നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാറുകൾ പുനഃപരിശോധിക്കാനും സർക്കാറിനോട് ആവശ്യപ്പെട്ടു. സ്വീഡിഷ് ചരക്കുകളുടെയും ഉൽപന്നങ്ങളുടെയും ബഹിഷ്കരണത്തിന് കൺസ്യൂമർ കോഓപറേറ്റിവ് സൊസൈറ്റികളുടെ ഫെഡറേഷനെ പ്രസ്താവന ഉണർത്തി.
അവയുടെ ഇറക്കുമതി നിരോധിക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയത്തോടും അഭ്യർഥിച്ചു. സ്റ്റോക്ഹോമിലെ പള്ളിക്ക് മുന്നിൽ ഖുർആൻ പകർപ്പ് കത്തിച്ച സംഭവത്തിലും അനുമതി നൽകിയ സ്വീഡിഷ് അധികാരികളുടെ തീരുമാനത്തിലും കുവൈത്ത് നേരത്തേ ശക്തമായി പ്രതിഷേധിച്ചിരുന്നു. വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സ്വീഡൻ വിദേശകാര്യ മന്ത്രിയെ ഫോണിൽ വിളിച്ച് നടപടിയെ കുവൈത്ത് ഭരണകൂടം പൂർണമായി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി അറിയിച്ചു.
കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്വീഡിഷ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധ കുറിപ്പ് കൈമാറുകയുമുണ്ടായി. തുടർച്ചയായ ഖുർആൻ അനാദരവ് തീവ്രവാദവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നതും മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്നതുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.