വേനൽക്കാലത്തു വിരുന്നെത്തുന്ന മുത്തശ്ശിക്കഥകളിലെ രാച്ചുക്ക്
text_fieldsCaprimulgus aegyptius എന്നാണ് ശാസ്ത്രീയ നാമം. കുവൈത്തിൽ വെള്ളത്തിന്റെ സാനിധ്യമുള്ള ഫാമുകൾക്കും ജലശുദ്ധീകരണ കേന്ദ്രങ്ങൾക്കും അടുത്ത് ഇവയെ കാണാം. ആടുമാടുകൾക്കുവേണ്ടി പുല്ലു വളർത്തുന്ന ഇടങ്ങളിലും ഇവയെ വേനൽക്കാലത്തു കണ്ടെത്താം
കുവൈത്തിലേക്ക് വേനൽക്കാലത്തു വിരുന്നെത്തുന്ന അപൂർവം പക്ഷികളിൽ ഒന്നാണ് ഈജിപ്ഷ്യൻ നൈറ്റ് ജാർ അഥവാ ഈജിപ്ഷ്യൻ രാച്ചുക്ക്. കുവൈത്തിൽ മിക്ക പക്ഷികളും വിരുന്നെത്തുന്നത് ശരത്കാലം തൊട്ടു വസന്തകാലം വരെയുള്ള സമയത്താണ്. എന്നാൽ വസന്തകാലത്തു പ്രജനനം നടത്തി വേനലിൽ ഇവിടെ വിരുന്നെത്തുന്നവരാണ് ഈ രാച്ചുക്കുക്കൾ.
ചെറിയ ഒരു വിഭാഗം കുവൈത്തിലെ മരുഭൂമിയിലും പ്രജനനം നടത്തിയതായി പുതിയ പഠനങ്ങൾ വരുന്നുണ്ട്. ആഫ്രിക്കയിൽനിന്നും മധ്യേഷ്യയിലേക്കും തിരിച്ചുമാണ് ഇവയുടെ ദേശാടന സഞ്ചാര പാത. യൂറോപ്യൻ ഭൂപ്രദേശങ്ങള്ളിലേക്ക് വളരെ അപൂർവമായി മാത്രമേ ഇവ എത്തിപ്പെടാറുള്ളൂ.
രാത്രി സജീവമാക്കുന്ന പക്ഷിയാണിവ. സന്ധ്യക്കും പുലർച്ചയുമാണ് ഇരതേടാൻ ഇറങ്ങുക. ചെറിയ വെളിച്ചത്തിൽ പോലും മികച്ച കാഴ്ച ലഭിക്കുന്ന വലിയ കറുത്ത കണ്ണുകൾ ഉണ്ട്. വിളറിയ മണലിന്റെ നിറവും അതിൽ സ്വർണ നിറത്തിലുള്ള പൊട്ടുകളും നിറഞ്ഞതാണ് ഇവയുടെ തൂവൽ കുപ്പായം. രാവിലെ വെറും നിലത്തു പതുങ്ങി ഇരിക്കുന്ന ഇവയെ മണ്ണിനോട് സാമ്യമുള്ള നിറം കാരണം കണ്ടെത്തുക വളരെയേറെ ശ്രമകരമാണ്.
പറന്നു കൊണ്ട് ഇരതേടുന്ന സ്വഭാവക്കാരാണിവർ. പറക്കുന്ന പ്രാണികളെയും മറ്റും പറന്നു കൊണ്ട് തന്നെ പിടിക്കാൻ വിദഗ്ധർ. ഇതിനു ഉതകുന്ന ചെറിയ കൊക്കും കവിളിലേക്ക് നീളത്തിൽ തുറക്കുന്ന വായയും ആണ് ഇവയുടെത്. പ്രാണികളുടെ സാന്നിധ്യം കൂടുതലുള്ള വെള്ളത്തോട് ചേർന്നുള്ള ആവാസ ഇടങ്ങളിലാണ് ഇവയെ മിക്കപ്പോഴും കാണുന്നത്. വലുപ്പത്തിലും ഇവ ചെറുതാണ്.
കൂട് കൂട്ടുന്ന സ്വഭാവം ഇല്ലാത്ത ഇവ വെറും നിലത്താണ് മുട്ടയിട്ട് അടയിരിക്കുന്നത്. രണ്ടു മുട്ടകളാണ് ഒരു പ്രജനന കാലത്ത് ഇവ ഇടുന്നത്. ഇണയെ ആകർഷിക്കാൻ രാത്രി വൈകി ആൺ കിളികൾ ഉണ്ടാകുന്ന ചൂളം വിളി മനുഷ്യരിൽ ഭീതി ജനിപ്പിക്കാറുണ്ട്. ഇതുകൊണ്ടുതന്നെ മൂങ്ങകളെപോലെ ഒട്ടനവധി മുത്തശ്ശിക്കഥകളിലുള്ള പക്ഷിയാണ് രാച്ചുക്കുകൾ.
കാലാവസ്ഥ വ്യതിയാനം മൂലമുള്ള മരുഭൂമിയിലെ മഴയുടെ കുറവ് ബാധിച്ചിട്ടുള്ള പക്ഷിയാണ് ഇവ. മരുഭൂമിയിലെ മഴയും അതിനോടനുബന്ധിച്ചു പൊടുന്നനെ തഴച്ചു വളരുന്ന സസ്യങ്ങളും പ്രാണികളും നിറഞ്ഞ കാലമാണ് രാച്ചുക്കൾ പ്രജനന കാലമായി തിരഞ്ഞെടുക്കുന്നത്. ഒന്നോ രണ്ടോ കൊല്ലത്തിൽ ഈ പ്രക്രിയ തടസ്സപെടുന്ന ഇടങ്ങളിൽനിന്ന് ഇവ തീർത്തും അപ്രത്യക്ഷമാകാറുണ്ട്. കുവൈത്തിൽ ദേശാടനത്തിന് പത്തിൽ കൂടുതലുള്ള ചെറു കൂട്ടങ്ങളായാണ് എത്താറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.