റഹീം ഇപ്പോഴും ആശുപത്രിയിലാണ്...
text_fieldsകുവൈത്ത് സിറ്റി: അപ്രതീക്ഷിതമായെത്തിയ അപകടം കുവൈത്തിലെ ആശുപത്രി മുറിയിൽ അകപ്പെടുത്തിയ റഹീമിന് ഇതുവരെ നാടണയാനായില്ല. രണ്ടു വർഷമായി ആശുപത്രിയിൽ കഴിയുകയാണ് ഇദ്ദേഹം. കോഴിക്കോട് എകരൂലിനടുത്ത എമ്മംപറമ്പ് സ്വദേശിയായ 44കാരനായ റഹീമിന് നാടണയണമെങ്കിൽ ഇനി നയതന്ത്ര ഇടപെടല്‍ വേണം. കൂടെ സുമനസ്സുകളുടെ സഹായവും. 2022 സെപ്റ്റംബറിൽ ‘ഗൾഫ് മാധ്യമം’ റഹീമിന്റെ നിസ്സഹായത റിപ്പോർട്ട് ചെയ്തിരുന്നു.
കുവൈത്തിൽ ഹൗസ് ഡ്രൈവറായും മറ്റു ജോലികളിലും ഏർപ്പെട്ടുവരികയായിരുന്നു റഹീം. രണ്ടു വർഷം മുമ്പ് നാട്ടിലേക്ക് പോകാൻ ഒരുങ്ങിയതാണ്. ഇഖാമ തീർന്നതിനാൽ യാത്രക്ക് മുമ്പ് ഇന്ത്യൻ എംബസിയിൽ നിന്ന് ആവശ്യമായ യാത്രാരേഖകള്‍ ശരിയാക്കി. നാട്ടിലേക്കുള്ള ടിക്കറ്റും എടുത്തു. യാത്രാതടസ്സങ്ങൾ നീങ്ങിയതോടെ നാടും ബന്ധുക്കളെയും കാണാനുള്ള ആകാംക്ഷ നിറഞ്ഞ നാളുകളായിരുന്നു പിന്നീട്. എന്നാൽ, യാത്രക്ക് തൊട്ടുമുമ്പത്തെ ദിവസം വിധി മറ്റൊരു രൂപത്തില്‍ റഹീമിനെ വന്നു തൊട്ടു.
യാത്രക്കുള്ള ബാഗ് പാക്ക് ചെയ്യുന്നതിന് മുമ്പ് മറന്നുപോയ സാധനം വാങ്ങാന്‍ വേണ്ടി സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോയതായിരുന്നു റഹീം. സന്തോഷത്തോടെ തിരികെ വരുന്ന സമയത്ത് ട്രാഫിക് സിഗ്നലില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. യാത്രക്കിടെ റഹീം ഓടിച്ചിരുന്ന വാഹനം മറ്റു രണ്ടു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. 2022 മാർച്ച് 17 ന് ഷുഹദാ സിഗ്നലിലായിരുന്നു അപകടം.
പിന്നീട് മാസങ്ങളോളം ബോധമില്ലാതെ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ ഐ.സി.യുവില്‍ കഴിഞ്ഞു. മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്‍പ്പാലത്തിലൂടെയുള്ള യാത്ര. ഡോക്ടര്‍മാര്‍ പോലും പലപ്പോഴും ആശങ്ക പങ്കുവെച്ച നിമിഷങ്ങള്‍. എന്നാൽ, ജീവിതം ഇരുളടഞ്ഞ് പോകുമെന്ന് കരുതിയിടത്ത് നിന്ന് അത്ഭുതകരമായി റഹീം ജീവിതത്തിലേക്ക് തിരികെ വന്നു. കണ്ണു തുറന്നു. ശരീരഭാഗങ്ങൾ ചലിപ്പിച്ചു. എന്നാൽ, ശരീരത്തിന്റെ ഒരു ഭാഗം അപ്പോഴേക്കും തളർന്നു പോയിരുന്നു. ഈ പ്രതിസന്ധിയെ മനോബലത്തോടെ നേരിടുകയാണ് ഇന്ന് റഹീം.
എന്നാൽ, നാട്ടിലേക്കുള്ള യാത്രക്ക് പുതിയ തടസ്സങ്ങൾ ഇതിനിടയിൽ വന്നുചേർന്നു. നിലവിൽ കുവൈത്തിൽ വിസ ഇല്ലാത്തതും അപകടവുമായി ബന്ധപ്പെട്ട കേസുകളുമാണ് തടസ്സം. നന്മ വറ്റാത്ത ഒരുപറ്റം ആരോഗ്യപ്രവര്‍ത്തകരുടെ കാരുണ്യം കൊണ്ടാണ് ആശുപത്രിയില്‍ ജീവിതം തള്ളി നീക്കുന്നത്. പ്രവാസി സംഘടനകള്‍ സഹായത്തിനായി ഉണ്ടെങ്കിലും നിയമപ്രശ്നങ്ങള്‍ കാരണം അവരും നിസ്സഹായരാണ്. റഹീം കിടപ്പിലായതോടെ നാട്ടിൽ ആകെയുണ്ടായിരുന്ന വീടും ജപ്തി ഭീഷണിയിലായി. ഇതോടെ മാനസികമായി തകര്‍ന്ന നിലയിലാണ് ഇദ്ദേഹം. തലച്ചോറിനേറ്റ ക്ഷതം കാരണം ഓർമകള്‍ക്കും പതിയെ മങ്ങല്‍ ഏല്ക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയതന്ത്ര ഇടപെടല്‍ മാത്രമാണ് റഹീമിനെ നാട്ടിലെത്തിക്കാൻ ഇനി എക മാർഗം. അതും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് റഹീമും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.