കാരുണ്യത്തിന്റെ കരങ്ങൾ ഒരുമിച്ചു; റഹീം നാട്ടിലേക്ക്
text_fieldsകുവൈത്ത് സിറ്റി: രണ്ടു വർഷത്തെ ആശുപത്രി വാസത്തിന് ഒടുവിൽ റഹീം നാട്ടിലേക്ക് മടങ്ങുന്നു. പൂർണ ആരോഗ്യവാനല്ലെങ്കിലും ഇനിയുള്ള ദിനങ്ങൾ വീടിന്റെയും ബന്ധുക്കളുടെയും തണലിൽ കഴിയാമെന്ന പ്രതീക്ഷയിലാണ് മടക്കം. അപ്രതീക്ഷിതമായെത്തിയ അപകടം ആശുപത്രി മുറിയിൽ അകപ്പെടുത്തിയ റഹീം നീണ്ടകാലത്തെ നിയമ പോരാട്ടത്തിനും മലയാളി സംഘടനകളുടെയും വ്യക്തികളുടെയും ഇടപെടലിനും ഒടുവിലാണ് മടങ്ങുന്നത്. 2022 മാർച്ച് 17ന് ഷുഹദാ സിഗ്നലിലുണ്ടായ അപകടമാണ് റഹീമിന്റെ ജീവിതത്തെയും സ്വപ്നങ്ങളെയും തകിടം മറിച്ചത്.
കുവൈത്തിൽ ഹൗസ് ഡ്രൈവറായും മറ്റു ജോലികളിലും ഏർപ്പെട്ടുവരുകയായിരുന്ന റഹീം നാട്ടിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അപകടം. ഇഖാമ തീർന്നതിനാൽ യാത്രക്കുമുമ്പ് ഇന്ത്യൻ എംബസിയിൽ നിന്ന് യാത്ര രേഖകള്‍ ശരിയാക്കി നാട്ടിലേക്കുള്ള ടിക്കറ്റും എടുത്തിരുന്നു. എന്നാൽ, യാത്രക്ക് തൊട്ടുമുമ്പത്തെ ദിവസം ജീവിതം മറ്റൊരു ദിശയിലേക്ക് മാറിമറിഞ്ഞു. യാത്രക്കുള്ള ബാഗ് ഒരുക്കുന്നതിനു മുമ്പ് മറന്നുപോയ ഒരു സാധനം വാങ്ങാന്‍ സൂപര്മാര്ക്കറ്റിലേക്ക് പോയതായിരുന്നു റഹീം. സന്തോഷത്തോടെ തിരികെ വരുന്ന സമയത്ത് ട്രാഫിക് സിഗ്നലില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. യാത്രക്കിടെ റഹീം ഓടിച്ചിരുന്ന വാഹനം മറ്റു രണ്ടു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.
പിന്നീട് മാസങ്ങളോളം ബോധമില്ലാതെ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ ഐ.സി.യുവില്‍ കഴിഞ്ഞു. മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്‍പ്പാലത്തിലൂടെയുള്ള യാത്ര. ഡോക്ടര്‍മാര്‍ പോലും ആശങ്ക പങ്കുവെച്ച നിമിഷങ്ങള്‍. പിന്നീട് അത്ഭുതകരമായി റഹീം ജീവിതത്തിലേക്ക് തിരികെ വന്നു. എന്നാൽ, ശരീരത്തിന്റെ ഒരു ഭാഗം അപ്പോഴേക്കും തളർന്നു പോയിരുന്നു. സംസാരിക്കാനും പ്രയാസങ്ങൾ വന്നു. എല്ലാ പ്രതിസന്ധികളെയും റഹീം മനോബലത്തോടെ നേരിട്ടു. നാട്ടിലേക്ക് പോകണമെന്നും ബന്ധുക്കളെ കാണണമെന്നുമുള്ള ആഗ്രഹം വന്നുതുടങ്ങി. എന്നാൽ, അതെല്ലാം നിയമ പ്രശ്നങ്ങളിൽ ഉടക്കി നിന്നു. മലയാളികളിൽ ചിലർ കൂടെ നിന്ന് മനക്കരുത്ത് നൽകി. വിഷയത്തിൽ ആദ്യം മുതൽ ഇടപെട്ടു വന്നിരുന്ന മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ടെക്നോളജിസ്റ്റ് അറഫാത്ത് സി.കെ.ഡി സംഘടന പ്രതിനിധികളെയും ആരോഗ്യ, ആഭ്യന്തര മന്ത്രാലയം ജീവനക്കാരെയും ഒരുമിപ്പിച്ച് റഹീമിനെ നാട്ടിലയക്കാനുള്ള നീക്കം ആരംഭിച്ചു.
ട്രാവൽ ബാൻ ഒഴിവാക്കാനും നിയമപ്രശ്നങ്ങൾ തീർക്കാനും കുവൈത്തി അഭിഭാഷകനെയും കൂട്ടായ്മ നിയമിച്ചു. ആറുമാസത്തോളം നീണ്ട നടപടികൾക്കൊടുവിൽ റഹീമിന്റെ ട്രാവൽ ബാൻ കഴിഞ്ഞ ആഴ്ച ഒഴിവായി. ഇതോടെ നാട്ടിൽ പോകാനുള്ള തടസ്സങ്ങൾ നീങ്ങി. പ്രവാസി വെൽഫെയർ കുവൈത്ത്, കെ.എം.സി.സി, ഐ.സി.എഫ്, മറ്റു സംഘടന പ്രതിനിധികൾ, വ്യക്തികൾ എന്നിവർ ഇതിനകം പലരൂപത്തിൽ വിഷയത്തിൽ ഇടപെട്ടു.
വെള്ളിയാഴ്ച എയർഇന്ത്യ എകസ്പ്രസിൽ റഹീമിനെ നാട്ടിലയക്കാനാണ് ശ്രമം. ഇതിനായി വീൽചെയറും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരായ സലിം കൊമ്മേരിയും ഹാരിസ് വള്ളിയോത്തും റഹീമിനെ അനുഗമിക്കും. നാട്ടിലെത്തിയാലും റഹീമിന് പരസഹായവും തുടർ ചികിത്സയും അനിവാര്യമാണ്. റഹീം കിടപ്പിലായതോടെ നാട്ടിൽ ആകെയുണ്ടായിരുന്ന കോഴിക്കോട് എകരൂലിനടുത്തുള്ള വീട് ജപ്തി ഭീഷണിയിലാണ്. ഇത്രകാലവും കൂടെ നിന്ന നന്മ മനസ്സുകൾ ഇനിയും ചേർത്തു നിർത്തും എന്ന പ്രതീക്ഷയിലാണ് റഹീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.