കുവൈത്തിൽ മഴ തുടരും; ജാഗ്രത നിർദേശം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വ്യാഴാഴ്ചയും മഴ തുടരും. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു. ഇടക്കിടെ കനത്ത മഴക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെങ്കിലും തണുപ്പ് ശക്തി പ്രാപിക്കും. മരുപ്രദേശങ്ങളില്‍ അതി ശൈത്യം അനുഭവപ്പെടും. അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് മന്ത്രാലയത്തിന്റെ 112 ഹോട്ട്ലൈന്‍ നമ്പറില്‍ വിവരം അറിയിക്കാം. ഏത് സാഹചര്യവും നേരിടാന്‍ 24 മണിക്കൂറും ഉദ്യോഗസ്ഥരെ സജ്ജമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. മോശം കാലാവസ്ഥയില്‍ റോഡപകടസാധ്യത കൂടുതലാണെന്നും ദൂരക്കാഴ്ച കുറവായതിനാൽ വാഹനം ഓടിക്കുമ്പോള്‍ ജാഗ്രതപാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. സീറ്റുബെൽറ്റ് ധരിക്കൽ, മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കൽ എന്നിവ ഉറപ്പാക്കണം.ബുധനാഴ്ച രാവിലെ മുതൽ രാജ്യത്ത് ഇടവിട്ടുള്ള മഴ ലഭിച്ചു. അന്തരീക്ഷം മേഘാവൃതമായിരുന്നതിനാൽ വെളിച്ചവും കുറവായിരുന്നു. മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസ്സത്തിന് കാരണമായി. ചില റോഡുകളിലൂടെയുള്ള ഗതാഗതം പൂർണമായി നിലച്ചു. മഴയും അസ്ഥിരമായ കാലാവസ്ഥയും കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് സുരക്ഷാനിർദേശങ്ങൾ നൽകി.
മഴയും മൂടിക്കെട്ടിയ കാലാവസഥയും ആയതോടെ താപനിലയും വളരെ താഴ്ന്നു. ബുധനാഴ്ച പകലും കനത്ത തണുപ്പാണ് അനുഭവപ്പെട്ടത്. 15 ഡിഗ്രി സെൽഷ്യസിന് താഴെയായിരുന്നു ശരാശരി താപനില. മരുപ്രദേശങ്ങളില്‍ താപനില 10 ഡിഗ്രി സെൽഷ്യസിലും താഴെയെത്തി. വരും ദിവസങ്ങളിൽ താപനില ഇനിയും താഴുമെന്നാണ് സൂചന. അതി ശൈത്യത്തിന്റെ നാളുകളിലേക്കാവും രാജ്യം വ്യാഴാഴ്ചയോടെ പ്രവേശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.