വ്രതശുദ്ധിയുടെ പുണ്യവുമായി ബുധനാഴ്ച ചെറിയ പെരുന്നാള്
text_fieldsകുവൈത്ത് സിറ്റി: റമദാൻ വ്രതശുദ്ധിയുടെ പുണ്യവുമായി രാജ്യത്ത് ബുധനാഴ്ച ചെറിയ പെരുന്നാള് ആഘോഷിക്കും. തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാതിരുന്നതോടെ റമദാൻ 30 പൂർത്തിയാക്കിയാണ് ബുധനാഴ്ച പെരുന്നാൾ കടന്നുവരുന്നത്. പെരുന്നാളിനെ വരവേൽക്കുന്നതിനായി വിശ്വാസികളും ആരാധനാലയങ്ങളും തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ പള്ളികളിലും ഈദ്ഗാഹുകളിലുമായി വിശ്വാസികൾ ഒത്തുകൂടി പെരുന്നാൾ നമസ്കാരം നിർവഹിക്കും.
രാവിലെ 5:43നാണ് പെരുന്നാള് നമസ്കാരം. മലയാളി സംഘടനകൾ അടക്കമുള്ളവ ഈദ് ഗാഹുകൾക്കും പെരുന്നാൾ നമസ്കാരങ്ങൾക്കും ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. സ്ത്രീകൾക്കു പ്രത്യേക സൗകര്യങ്ങൾ ഈദ് ഗാഹുകളിൽ ഒരുക്കിയിട്ടുണ്ട്. നമസ്കാരത്തിനെത്തുന്നവർ മുസല്ലകളുമായി വുളു എടുത്തുവരണമെന്ന് സംഘാടകർ ഉണർത്തി.
ഔക്കാഫ് മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കേന്ദ്രങ്ങൾ ഈദ് ഗാഹിനായി ഔദ്യോഗികമായി സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ യൂത്ത് സെന്ററുകൾ, സ്പോർട്സ് ഗ്രൗണ്ടുകള് എന്നിവിടങ്ങളിലും ഈദ് ഗാഹിനായി നിശ്ചയിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നമസ്കാരങ്ങൾക്ക് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
അമീർ ആശംസകൾ നേർന്നു
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യത്തെ പൗരൻമാർക്കും താമസക്കാർക്കും പെരുന്നാൾ ആശംസകൾ നേർന്നു. എല്ലാവരിലും ആരോഗ്യവും സ്നേഹം, സംതൃപ്തിയും നിറയട്ടെ എന്നും അമീർ പ്രാർഥിച്ചു.
ഈദുൽ ഫിത്ർ പ്രമാണിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അമീറിനെ ഫോണിൽ വിളിച്ചു അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. ആശംസകൾക്ക് അമീർ അദ്ദേഹത്തിന് നന്ദി പറഞ്ഞു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും തിങ്കളാഴ്ച അമീറിനെ ഫോണിൽ വിളിച്ചു ആശംസകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.