റമദാൻ: യാചനക്കെതിരെ ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: വിശുദ്ധ റമദാനോടനുബന്ധിച്ച് യാചനക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിബന്ധനകൾക്ക് വിധേയമല്ലാതെ റമദാനിൽ ധനസമാഹരണത്തിലേർപ്പെടുന്ന വിദേശികളെ നാടുകടത്തും. ഗാർഹികത്തൊഴിലാളികൾ യാചനക്കിടെ പിടിക്കപ്പെട്ടാൽ സ്പോൺസർമാർക്കെതിരെയും നടപടിയെടുക്കും. ഒരുകുടുംബത്തിലെ പിതാവോ മാതാവോ യാചന നടത്തിയാൽ മക്കളുൾപ്പെടെ മുഴുവൻ പേരെയുമാണ് നാടുകടത്തുക. സ്വകാര്യ സ്ഥാപനങ്ങളുടെ വിസയിൽ ഉള്ളവരാണ് യാചനയിൽ ഏർപ്പെടുന്നതെങ്കിൽ കമ്പനിയുടെ ഫയൽ മരവിപ്പിക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കും.
കമ്പനികൾക്കു കീഴിൽ സന്ദർശന വിസയിൽ എത്തിയവരാണ് യാചനയിലേർപ്പെട്ടതെങ്കിലും സ്പോൺസറിങ് കമ്പനിയുടെ ഫയൽ മരവിപ്പിക്കും. പരിശോധനക്കായി പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. സംഘം കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ 15 പേർ അറസ്റ്റിലായി. ഇവരെ നാടുകടത്തും. അനധികൃത പണപ്പിരിവും യാചനയും കണ്ടെത്താനായി റമദാനിലുടനീളം പരിശോധന തുടരും. യാചകരെ കണ്ടെത്താനായി വനിതപൊലീസുകാരെ ഉൾപ്പെടെ സിവിൽ വേഷത്തിൽ നിയോഗിക്കും. പള്ളികൾ, ഷോപ്പിങ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സദാസമയവും നിരീക്ഷകരുടെ സാന്നിധ്യമുണ്ടാകും. അംഗീകാരമുള്ള സന്നദ്ധ സംഘടനകൾക്ക് മാത്രമാണ് നിബന്ധനകളോടെ പിരിവിന് അനുമതി നൽകുക. മന്ത്രാലയം നൽകിയ പ്രത്യേക അനുമതി കാർഡ് കൈവശമില്ലാതെ ധനസമാഹരണം നടത്തുന്നത് നിയമലംഘനമാണ്.
കെ-നെറ്റ് വഴിയോ ഓൺലൈൻ മണി ട്രാൻസ്ഫർ സംവിധാനമുപയോഗപ്പെടുത്തിയോ അല്ലാതെ ആളുകളിൽനിന്ന് പണം നേരിട്ട് സ്വീകരിക്കുക, അനുമതിയില്ലാതെ പള്ളികൾ, ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ധനസമാഹരണം നടത്തുക എന്നിവയും നിയമലംഘനമാണ്. അനധികൃത ധനസമാഹരണത്തിന് പിടിക്കപ്പെടുന്നത് സ്വദേശിയാണെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ശേഷം പ്രോസിക്യൂഷനിൽ കേസ് ഫയൽ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.