വെളിച്ചത്തിന് മേൽ വെളിച്ചം
text_fieldsഅല്ലാഹു വെളിച്ചമാണ്. പ്രപഞ്ചത്തിന്റെ പ്രകാശം! ജനങ്ങളെ പലവിധ അന്ധകാരങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നത് അല്ലാഹുവാണ്. എന്നാൽ ദുഷ്ടശക്തികൾ മനുഷ്യനെ വെളിച്ചത്തിൽനിന്ന് ഇരുട്ടുകളിലേക്ക് തിരിച്ചു തെളിച്ചു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. അങ്ങനെ അവരെ ഇരുട്ടിന്റെ തടവറകളിൽ ബന്ദികളാക്കുന്നു. അവരിൽ വെളിച്ചം കാണാനാഗ്രഹിക്കുന്നവരെ അല്ലാഹു വീണ്ടും വെളിച്ചത്തിലേക്ക് നയിക്കുന്നു.
അല്ലാഹു വിശദീകരിക്കുന്നു.അല്ലാഹു, വിശ്വസിച്ചവരുടെ രക്ഷകനാണ്. അവന് അവരെ ഇരുളുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദൈവേതരശക്തികളാണ്. അവര്‍ അവരെ നയിക്കുന്നത് വെളിച്ചത്തില്‍നിന്ന് ഇരുളുകളിലേക്കാണ്. അവര്‍ തന്നെയാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും (വിശുദ്ധ ഖുർആൻ 2:257)
അതിമനോഹരമായ ഒരു ഉദാഹരണത്തിലൂടെ അല്ലാഹു തന്റെ വെളിച്ചം നമുക്ക് കാണിച്ചുതരുന്നുണ്ട്. ഖുർആനിലെ ആ അധ്യായത്തിന്റെ പേരും ‘വെളിച്ചം’ എന്നാണ്.
അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു.
അവന് സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്. (വിശുദ്ധ ഖുർആൻ 24:35)
വെളിച്ചത്തിന്റെ വെളിച്ചമാണ് അല്ലാഹു! അവന്റെ വെളിച്ചത്താൽ പ്രപഞ്ചം മുഴുവൻ വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്നു!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.