റമദാൻ നിലാവ്
text_fieldsകണ്ണില്ലാത്തവനേ കണ്ണിന്റെ വിലയറിയൂ എന്ന് പറയാറുണ്ട്. നമ്മുടെ കാഴ്ചശക്തിയും കേൾവിശക്തിയും അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണ്. കണ്ണുകാണാത്തവരുടെയും കാത് കേൾക്കാത്തവരുടെയും ബുദ്ധിമുട്ടുകൾ വാക്കുകളിൽ വിശദീകരിക്കാൻ പ്രയാസമാണ്.
ചെറുപ്പത്തിൽ കേൾവിശക്തി ഇല്ലെങ്കിൽ അത് സംസാരശേഷിയെയും ബാധിക്കും. അല്ലാഹുവിന്റെ ചോദ്യം ശ്രദ്ധിക്കുക.
''ചോദിക്കുക: നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അല്ലാഹു നിങ്ങളുടെ കേൾവിയും കാഴ്ചയും നഷ്ടപ്പെടുത്തുകയും നിങ്ങളുടെ ഹൃദയങ്ങൾക്ക് മുദ്രവെക്കുകയും ചെയ്താൽ അല്ലാഹു അല്ലാതെ ഏതു ദൈവമാണ് നിങ്ങൾക്കവ വീണ്ടെടുത്ത് തരുക? നോക്കൂ, നാം എങ്ങനെയൊക്കെയാണ് അവർക്ക് തെളിവുകൾ വിവരിച്ചുകൊടുക്കുന്നതെന്ന്. എന്നിട്ടും അവർ പിന്തിരിഞ്ഞുപോവുകയാണ്.'' (വിശുദ്ധ ഖുർആൻ 6:46)
മനുഷ്യന് കാഴ്ചശക്തിയും കേൾവിശക്തിയും നൽകിയത് അല്ലാഹുവാണ്.
''അവനാണ് നിങ്ങൾക്ക് കേൾവിയും കാഴ്ചയും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നത്. പക്ഷേ, നന്നെക്കുറച്ചു മാത്രമേ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ.'' (വിശുദ്ധ ഖുർആൻ 23:78)
''അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളിൽനിന്ന് ഒന്നും അറിയാത്തവരായി പുറത്തേക്കു കൊണ്ടുവന്നു; പിന്നെ നിങ്ങൾക്ക് അവൻ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും നൽകി. നിങ്ങൾ നന്ദിയുള്ളവരാകാൻ.'' (വിശുദ്ധ ഖുർആൻ 16:78)
കണ്ണും കാതും ഹൃദയവുമൊക്കെയുണ്ടായിട്ടും അതൊന്നും വേണ്ടപോലെ ഉപയോഗിക്കാത്തവർ കന്നുകാലികളെക്കാൾ മോശമാണ് എന്നും അല്ലാഹു വിമർശിക്കുന്നുണ്ട്.
''ജിന്നുകളിലും മനുഷ്യരിലും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവർക്ക് ഹൃദയങ്ങളുണ്ട്; അതുപയോഗിച്ച് അവർ പഠിക്കുന്നില്ല. കണ്ണുകളുണ്ട്; അതുകൊണ്ട് കണ്ടറിയുന്നില്ല. കാതുകളുണ്ട്; അതുപയോഗിച്ച് കേട്ടു മനസ്സിലാക്കുന്നില്ല. അവർ നാൽക്കാലികളെപ്പോലെയാണ്. എന്നല്ല, അവരാണ് പിഴച്ചവർ. അവർതന്നെയാണ് ഒരു ശ്രദ്ധയുമില്ലാത്തവർ.'' (വിശുദ്ധ ഖുർആൻ 7:179)
അല്ലാഹുവിന് അസ്സമീഅ് (എല്ലാം കേൾക്കുന്നവൻ) എന്നും അൽ ബസീർ (എല്ലാം കാണുന്നവൻ) എന്നും പേരുകളുണ്ട്. വിശുദ്ധ ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ ഈ രണ്ട് വിശേഷണങ്ങളും ഒന്നിച്ച് പറഞ്ഞതായി കാണാം.
''ഇഹലോകത്തിലെ പ്രതിഫലമാഗ്രഹിക്കുന്നവർ ഓർക്കുക: ഇഹലോകത്തെ പ്രതിഫലവും പരലോകത്തെ പ്രതിഫലവും അല്ലാഹുവിന്റെ അടുക്കലാണ്. അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്.'' (വിശുദ്ധ ഖുർആൻ 4:134)
മനുഷ്യന്റെ കേൾവിപോലെയല്ല അല്ലാഹുവിന്റെ കേൾവി. മനുഷ്യന്റെ കാഴ്ചപോലെയല്ല അല്ലാഹുവിന്റെ കാഴ്ച. മനുഷ്യന്റെ കാഴ്ചക്കും കേൾവിക്കും ധാരാളം പരിമിതികളുണ്ട്.
എന്നാൽ അല്ലാഹുവിന്റെ കാഴ്ചക്കോ കേൾവിക്കോ യാതൊരു പരിമിതിയുമില്ല. എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവനാണ് അല്ലാഹു. അവനുദ്ദേശിച്ചത് മാത്രമേ മറ്റുള്ളവർക്ക് കാണാനും കേൾക്കാനും കഴിയൂ. നമ്മുടെ അന്തരീക്ഷത്തിൽ ധാരാളം ശബ്ദവീചികളുണ്ട്. അതൊക്കെ നമ്മുടെ കാതുകളിൽ വന്നലച്ചാൽ ഉടൻ നമ്മുടെ ചെവി പൊട്ടിപ്പോകും. ആവശ്യമുള്ളതുമാത്രം കേൾക്കുന്ന രൂപത്തിലാണ് സകലതും കേൾക്കുന്നവൻ നമ്മുടെ കാതുകൾ സംവിധാനിച്ചിരിക്കുന്നത്. നമ്മുടെ കാഴ്ചയും അങ്ങനെതന്നെയാണ്. മനുഷ്യന്റെ പ്രാർഥന കേൾക്കുന്നവനും അല്ലാഹു മാത്രമാണ്. അബ്രഹാം പ്രവാചകൻ പറയുന്നത് കാണുക.
''വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീർച്ചയായും എന്റെ നാഥൻ പ്രാർഥന കേൾക്കുന്നവനാണ്.'' (വിശുദ്ധ ഖുർആൻ 14:39)
മരിച്ചവരോട് വിളിച്ച് പ്രാർഥിച്ചിട്ട് കാര്യമില്ല, അവർ പ്രാർഥന കേൾക്കുകയില്ല എന്ന് അല്ലാഹു മുഹമ്മദ് നബിയെ ഓർമപ്പെടുത്തുന്നു.
''നിനക്കു മരിച്ചവരെ കേൾപ്പിക്കാനാവില്ല; തീർച്ച. പിന്തിരിഞ്ഞുപോകുന്ന കാതുകേൾക്കാത്തവരെ വിളി കേൾപ്പിക്കാനും നിനക്കു സാധ്യമല്ല.'' (വിശുദ്ധ ഖുർആൻ 30:52) എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനും അല്ലാഹു മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.