റമദാൻ: പിരിവിന് അനുമതിയുള്ളവരുടെ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: സാമൂഹികക്ഷേമ മന്ത്രാലയം റമദാനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന സ്വീകരിക്കാൻ അനുമതി നൽകിയ സംഘടന പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ക്രിമിനൽ റെക്കോഡ് പരിശോധിച്ചാണ് തിരിച്ചറിയൽ കാർഡ് നൽകുന്നത്. ഇവർക്ക് മാത്രമെ പള്ളികളിലും പൊതു ഇടങ്ങളിലും നിബന്ധനകൾക്ക് വിധേയമായി പിരിവ് നടത്താൻ അനുമതിയുള്ളൂ.
ഓരോ സന്നദ്ധ സംഘടനകൾക്കും ബ്രാഞ്ചുകളുടെ എണ്ണവും എത്തിച്ചേരാനുള്ള കഴിവും അനുസരിച്ചാണ് പ്രതിനിധികളുടെ എണ്ണം നിശ്ചയിച്ചുനൽകിയത്. ബിദൂനികളെ പ്രതിനിധിയായി നിശ്ചയിക്കാൻ സംഘടനകൾക്ക് അനുവാദമുണ്ട്. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ അനുമതി റദ്ദാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കെ.നെറ്റ് വഴിയോ മറ്റ് ഓൺലൈൻ മണി ട്രാൻസ്ഫർ രീതികളിലൂടെയോ ബാങ്ക് ഇടപാട് വഴിയോ മാത്രമെ പണം സ്വീകരിക്കാൻ പാടുള്ളൂ. അംഗീകൃത വളന്റിയർമാരും നേരിട്ട് പണമായി സ്വീകരിക്കരുത്. ഏതൊക്കെ സ്ഥലത്ത് കിയോസ്ക് സ്ഥാപിച്ച് പണം സ്വീകരിക്കാമെന്നത് സംബന്ധിച്ച് അംഗീകൃത സംഘടനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പള്ളികളിലും മറ്റും ധനസമാഹരണത്തിലേർപ്പെടുമ്പോൾ മന്ത്രാലയം നൽകിയ പ്രത്യേക കാർഡ് കഴുത്തിൽ തൂക്കിയിടണം. അനുമതി നേടാതെ ഷോപ്പിങ് കോംപ്ലക്സുകൾ പോലുള്ള പൊതു സ്ഥലങ്ങളിൽ ധനസമാഹരണം നടത്താൻ പാടില്ല. ആരാധനകൾക്ക് തടസ്സമുണ്ടാകുന്ന തരത്തിൽ പള്ളി ചുമരുകളിലും മറ്റും സ്ഥിരമായി ബാനറുകൾ സ്ഥാപിക്കാൻ പാടില്ല. റമദാൻ കഴിഞ്ഞ ഉടൻ സംഘടനകൾ ധനസമാഹരണം സംബന്ധിച്ച കൃത്യമായ വിവരവും ഏതൊക്കെ പദ്ധതികൾക്ക് വേണ്ടിയാണ് ചെലവഴിച്ചതെന്ന രേഖയും സാമൂഹികക്ഷേമ മന്ത്രാലയത്തിന് നൽകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.