റമദാന്റെ പവിത്രതയും നിയമങ്ങളും മാനിക്കണം
text_fieldsകുവൈത്ത് സിറ്റി: റമദാന്റെ പവിത്രത നഷ്ടപ്പെടുന്നതരത്തിൽ നോമ്പ് സമയങ്ങളിൽ പൊതു സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. റമദാനിന്റെ പവിത്രതയും സിവിൽ നിയമങ്ങളും എല്ലാവരും മാനിക്കണം. കാരണമില്ലാതെ, മന:പൂർവം പകൽ സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കാനും പുകവലിക്കാനും 1968 ലെ കുവൈത്ത് നിയമത്തിലെ ആർട്ടിക്കിൾ 44 പ്രകാരം നിയമപരമായ വിലക്കുണ്ട്. ഇത്തരക്കാർക്ക് സഹായം ചെയ്യുന്നവർക്കും, പരസ്യമായി നോമ്പ് മുറിക്കാൻ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇതേ ശിക്ഷകൾ ബാധകമാണ്.
കുറ്റത്തിന്റെ ഗുരുതരത്വം അനുസരിച്ച് നാടുകടത്തൽ ഉൾപ്പെടെ ജുഡീഷ്യൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പരസ്യമായി നോമ്പ് നിയമം ലംഘിക്കുന്നവർക്ക് 100 ദീനാർ വരെ പിഴയോ ഒരു മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. പൊതു നോമ്പ് ലംഘനങ്ങൾ നടന്നതായി കണ്ടെത്തിയ സ്ഥാപനങ്ങൾ രണ്ട് മാസം വരെ അടച്ചിടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും.
നിയമം കർശനമായി പാലിക്കുന്നതിനായി പകൽ സമയത്ത് ചില പൊതു സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആഭ്യന്തര മന്ത്രിക്ക് അധികാരമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. റമദാനിൽ കടകളുടെയും റസ്റ്ററന്റുകളുടെയും പ്രവൃത്തി സമയത്തെ കുറിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഹോട്ടലുകൾക്ക് ഇഫ്താർ വിഭവങ്ങൾ തയാറാക്കാനും വിൽപനക്കും സമയം നിശ്ചയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.