റമദാൻ: സുരക്ഷക്രമീകരണത്തിന് അന്തിമരൂപമായി
text_fieldsസുരക്ഷക്കും ഗതാഗത ക്രമീകരണത്തിനും വിഭാഗങ്ങളെ ചുമതലപ്പെടുത്തി
കുവൈത്ത് സിറ്റി: റമദാനിലെ സുരക്ഷ ക്രമീകരണങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അന്തിമരൂപം നൽകി. പള്ളികളിലും ആരാധനകേന്ദ്രങ്ങളിലും വിശ്വാസികൾക്ക് സംരക്ഷണം ഉറപ്പാക്കാനും പ്രധാന അതിർത്തികളിൽ ഗതാഗതം ക്രമീകരിക്കാനും വിഭാഗങ്ങളെ ചുമതലപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള മാർക്കറ്റുകളിൽ പൊതു പട്രോളിങ് സംഘത്തെ വിന്യസിക്കും. താമസ നിയമലംഘകരെയും ഭിക്ഷാടകരെയും നിരീക്ഷിക്കുന്നതിനായി താമസകാര്യ വിഭാഗത്തിലെ അന്വേഷണ ഉദ്യോഗസ്ഥരും രംഗത്തുണ്ടാകും. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ തൗഹിദ് അൽ കന്ദരി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കാൻ യോഗത്തിൽ ധാരണയായി. മറ്റ് യാത്രക്കാരെ ഭീതിപ്പെടുത്തുന്ന തരത്തിൽ റോഡിൽ വാഹനം കറക്കിയോടിക്കുന്ന യുവാക്കളെ നിരീക്ഷിച്ച് പിടികൂടാനും തീരുമാനിച്ചു. റമദാൻ അവസാനത്തോടടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന വാഹനത്തിരക്ക് മറികടക്കാനുള്ള മാർഗങ്ങളും യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.