ആകാശത്തുനിന്ന് വീണുപോയവൻ
text_fieldsഇസ്ലാമിക ദർശനം പൂർണമായും ഏകദൈവത്വ കാഴ്ചപ്പാടിലധിഷ്ഠിതമാണ്. ബഹുദൈവത്വത്തെ അത് യുക്തിപരമായും പ്രമാണികമായും എതിർക്കുന്നു. ദൈവത്തിന് പങ്കാളികളെ സങ്കൽപിക്കുന്നത് ഗുരുതരമായ തെറ്റും കുറ്റവുമായി അത് കണക്കാക്കുന്നു. ലൂഖ്മാൻ തന്റെ മകനെ ഉപദേശിച്ചത് ഖുർആൻ ഉദ്ധരിക്കുന്നു.
ലുഖ്മാന് തന്റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: ‘എന്റെ കുഞ്ഞുമോനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്; തീര്‍ച്ച’. (വിശുദ്ധ ഖുർആൻ 31:13). ഒരു ദൈവത്തിന് പകരം ധാരാളം ദൈവങ്ങളുണ്ടായിരുന്നുവെങ്കിൽ ഈ പ്രപഞ്ചം ഇത്ര വ്യവസ്ഥാപിതമായി നടന്നുപോവുകയില്ല എന്ന യുക്തിപരമായ ന്യായവും അല്ലാഹു സമർപ്പിക്കുന്നു.
ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അവ രണ്ടും താറുമാറാകുമായിരുന്നു. ഇക്കൂട്ടര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു. സിംഹാസനത്തിന്ന് അധിപനാണവന്‍ (വിശുദ്ധ ഖുർആൻ 21:22). ജയിലിൽ വെച്ച് അടിമകളും വേലക്കാരുമായിരുന്ന തന്റെ രണ്ട് സഹതടവുകാരോട് യൂസുഫ് നബി ചോദിച്ച യുക്തിഭദ്രമായ ചോദ്യം ഇതായിരുന്നു.
‘എന്റെ ജയില്‍ക്കൂട്ടുകാരേ, വ്യത്യസ്തരായ പല പല ദൈവങ്ങളാണോ ഉത്തമം? അതോ സര്‍വാധിനാഥനും ഏകനുമായ അല്ലാഹുവോ? (വിശുദ്ധ ഖുർആൻ 12:39). അല്ലാഹുവിന് പങ്കാളികളെ സങ്കൽപിക്കുന്നവരെ അല്ലാഹു ഉദാഹരിക്കുന്നത് ഇങ്ങനെയാണ്. അവൻ ഉയർന്ന സ്ഥാനത്ത് വീണ് മരിച്ച് ശവമായി പക്ഷികളാൽ കൊത്തപ്പറിക്കപ്പെട്ടവനായി മാറുന്നു.
അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതെ ഉറച്ചമനസ്സോടെ അവനിലേക്കു തിരിയുക. അല്ലാഹുവിന് പങ്കാളികളെ കല്പിക്കുന്നവന് ആകാശത്തുനിന്ന് വീണവനെപ്പോലെയാണ്. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിയെടുക്കുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ ഏതെങ്കിലും വിദൂരദിക്കില് കൊണ്ടുപോയിത്തള്ളുന്നു. (വിശുദ്ധ ഖുർആൻ 22:31).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.