റമദാൻ; പള്ളികളിൽ ഒരുക്കിയത് പൂർണ സജ്ജീകരണം
text_fieldsകുവൈത്ത് സിറ്റി: റമദാൻ അവസാന പത്തിലേക്കും അന്ത്യത്തിലേക്കും എത്തിയതോടെ പള്ളികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധന. ദൈവത്തോട് കൂടുതൽ അടുക്കാനും പ്രാർഥനകളിലും ആരാധനകളിലും മുഴുകാനും പള്ളികളിൽ മുഴുസമയവും കഴിഞ്ഞുകൂടുന്നവരുടെ എണ്ണവും കൂടി.
രാജ്യത്തെ മിക്ക പള്ളികളിലും ഖിയമുലൈലിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന പള്ളികളായ ഗ്രാൻഡ് മസ്ജിദ്, ബിലാൽ ബിൻ റബാഹ് മസ്ജിദ് എന്നിവിടങ്ങളിൽ വിശ്വാസികൾക്ക് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പാർക്കിങ് ഏരിയയിൽനിന്ന് പള്ളിയിലേക്കും തിരിച്ചും പ്രത്യേക വാഹനസൗകര്യം, ചായ, ജ്യൂസ്, ലഘുഭക്ഷണം എന്നിവയും നമസ്കാരശേഷം ഒരുക്കിയിട്ടുണ്ട്. സുരക്ഷാസംവിധാനങ്ങളും ജീവനക്കാരും സജീവമാണ്.
പള്ളികളിലെത്തുന്നവരുടെ ആരോഗ്യകാര്യങ്ങളിലും അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്. രാജ്യത്തുടനീളം പള്ളികളിൽ 27 മെഡിക്കൽ ക്ലിനിക്കുകൾ സജ്ജീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി അറിയിച്ചു. ആവശ്യമായ ഉപകരണങ്ങളും ജീവനക്കാരും ഇവിടെയുണ്ട്.
ക്ലിനിക്കുകളുടെ സജ്ജീകരണങ്ങൾ തയാറെടുപ്പുകൾ പരിശോധിക്കുന്നതിനായി ഗ്രാൻഡ് മസ്ജിദ്, ബിലാൽ ബിൻ റബാഹ് മസ്ജിദ് എന്നിവിടങ്ങളിൽ മന്ത്രി സന്ദർശനം നടത്തി. പള്ളികളിൽ എത്തുന്നവരുടെ ഉയർന്ന രക്തസമ്മർദം, പ്രമേഹം, ആസ്ത്മ, ക്ഷീണം, മറ്റു ലക്ഷണങ്ങൾ എന്നിവക്ക് മെഡിക്കൽ ഉദ്യോഗസ്ഥർ ഇതിനകം ചികിത്സയും സഹായവും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.