റാണി വിമാനം കയറി; പൊന്നോമനകളെ അവസാനമായി ഒരുനോക്കു കാണാൻ
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞദിവസം ലോക മാതൃദിനം ആഘോഷിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. ഫേസ്ബുക്കിൽ ആശംസകളും അമ്മയോടൊപ്പമുള്ള സെൽഫികളും നിറഞ്ഞുകവിഞ്ഞു.
എന്നാൽ, ഇൗ ദിവസങ്ങളിലെല്ലാം തീ കോരിയിട്ട നെഞ്ചകവുമായി കരഞ്ഞുകഴിയുകയായിരുന്നു ഒരമ്മ. പേര് റാണി. ചൊവ്വാഴ്ച പുലർച്ചെ അവർ നാട്ടിലേക്ക് വിമാനം കയറി. പ്രിയപ്പെട്ട പൊന്നുമക്കളുടെ ചേതനയറ്റ ശരീരം അവസാനമായി ഒരുനോക്കുകാണാൻ. അഞ്ചു ദിവസം മുമ്പാണ് ഇവരുടെ രണ്ടു മക്കൾ കനാലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. ബന്ധുവീട്ടിൽ വിരുന്നുപോയതായിരുന്നു ഒറ്റപ്പാലം അമ്പലപ്പാറ നെടുംപുറത്ത് ഷാജിയുടെയും കുവൈത്തിൽ വീട്ടുജോലിക്കാരിയായ റാണിയുടെയും മക്കളായ ടിറ്റിയും (16) അലീനയും (13). പൊന്നേങ്കാട് നെല്ലിക്കുന്ന് കനാലിൽ കുളിക്കുന്നതിനിടെ രാത്രി ഒമ്പതരയോടെയാണ് ദുരന്തം ഇവരെത്തേടിയെത്തിയത്. ഒറ്റപ്പാലം എൽ.എസ്.എൻ കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളായ ഇവർ ബന്ധുക്കളായ മറ്റു മൂന്നു കുട്ടികളുടെ കൂടെയാണ് കനാലിൽ കുളിക്കാനിറങ്ങിയത്.
ഏറെ സമയം കഴിഞ്ഞിട്ടും ടിറ്റിയെയും അലീനയെയും കാണാതായതോടെ ഒപ്പമുണ്ടായിരുന്നവർ നിലവിളിച്ചു. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. പിന്നീട് മണ്ണാർക്കാട്ടുനിന്ന് അഗ്നിശമന സേനയെത്തി നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. റാണിക്ക് ഒരു നോക്കുകാണാൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. ചൊവ്വാഴ്ച റാണി എത്തിയശേഷം മൃതദേഹങ്ങൾ സംസ്കരിച്ചു.
ഒരു വർഷമായി താമസരേഖയില്ലാതെ കഴിയുകയായിരുന്നു റാണി. ഗാർഹികത്തൊഴിലാളിയായി എത്തിയതാണ്. താമസരേഖയില്ലാത്തതിനാൽ നാട്ടിൽപോവാൻ കഴിയാതെ സങ്കടത്തിൽ കഴിയുകയായിരുന്നു. സാേങ്കതിക കടമ്പകൾ താണ്ടിയ അവരെ സഹായിച്ചത് സലീം എന്ന മനുഷ്യസ്നേഹിയും പിന്നെ മറ്റനേകം പേരും.
കെ.കെ.എം.എ മാഗ്നറ്റ് ടീം ആണ് ഇവർക്ക് നിയമക്കുരുക്കുകൾ ഒഴിവാക്കി യാത്രാരേഖകൾ ശരിയാക്കി നാടണയാൻ വഴിയൊരുക്കിയത്. കുവൈത്തിൽ ഒരു വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുന്ന സലീം മാഗ്നറ്റ് ടീം അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.