റാസൽഖൈമ ഭരണാധികാരി അമീർ, പ്രധാനമന്ത്രി എന്നിവരുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: യു.എ.ഇ ഫെഡറൽ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയും സംഘവും കുവൈത്തിൽ എത്തി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉന്നത പദവി ഏറ്റെടുത്തതിൽ അൽ ഖാസിമി അമീറിനെ അഭിനന്ദിക്കുകയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു.
യു.എ.ഇയുടെ പ്രസിഡന്റിന് അമീർ ആത്മാർഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. യു.എ.ഇക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു. ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിക്കൊപ്പം അദ്ദേഹത്തിന്റെ മക്കളായ ശൈഖ് അഹമ്മദ് ബിൻ സൗദ് അൽ ഖാസിമി, ശൈഖ് സഖർ ബിൻ സൗദ് അൽ ഖാസിമി എന്നിവരും ഉണ്ടായിരുന്നു. കൂടിക്കാഴ്ചയിൽ കുവൈത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹും ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയായി നിയമിതനായതിൽ ശൈഖ് അൽ ഖാസിമി തന്റെ അഭിനന്ദനം അറിയിച്ചു. കുവൈത്തിനും ജനങ്ങൾക്കും കൂടുതൽ വിജയവും പുരോഗതിയും സമൃദ്ധിയും നേർന്നു. അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ഓഫീസ് മേധാവി അബ്ദുൽ അസീസ് അൽ ദഖിൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.