കോവിഡ് മുന്നണിപ്പോരാളികൾക്ക് റേഷൻ വിതരണം മാർച്ച് ആറുമുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള സൗജന്യ റേഷൻ വിതരണം മാർച്ച് ആറു മുതലെന്നു വാണിജ്യ മന്ത്രാലയം. റേഷൻ വിതരണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും രാജ്യത്തിെൻറ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് അഞ്ചു സ്ഥലങ്ങൾ റേഷൻ വിതരണത്തിനായി നിശ്ചയിച്ചതായും അധികൃതർ അറിയിച്ചു. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽനിന്ന ആരോഗ്യമന്ത്രാലയത്തിലെയും ആഭ്യന്തരമന്ത്രാലയത്തിലെയും ജീവനക്കാർക്കാണ് ആറു മാസത്തേക്കു സൗജന്യ റേഷൻ നൽകുന്നത്. അരി, പഞ്ചസാര , പരിപ്പ് , പാൽപ്പൊടി, ഭക്ഷ്യ എണ്ണ, ടൊമാറ്റോ പേസ്റ്റ് , ചിക്കൻ എന്നിവയാണ് റേഷൻ കിറ്റിൽ ഉണ്ടാവുക. റേഷൻ കാർഡിൽ ഉൾപ്പെട്ട സ്വദേശികൾക്ക് സാമൂഹികക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് അതതു താമസമേഖലകളിലെ കമ്യൂണിറ്റി ഹാളുകളിലാണ് ഇവ വിതരണം ചെയ്യുക.
വിദേശികളായ ജീവനക്കാർക്കായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി അഞ്ചു വിതരണ കേന്ദ്രങ്ങൾ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. ജലീബ് അൽ ശുയൂഖ്, അബ്ബാസിയ റിഹാബ്, റാബിയ യർമൂക്, ശുഹദ തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന വിദേശി ജീവനക്കാർക്കുള്ള റേഷൻ വിതരണം ഒമറിയ കോഓപറേറ്റിവ് സൊസൈറ്റി ഹാളിൽ വെച്ചാണ് നടക്കുക. അൽമിയ റുമൈതിയ ഷാബ്, മൻസൂരിയ,സൽവ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് സാൽമിയ ശൈഖ് നാസർ സഊദ് ഹാൾ ആണ് വിതരണ കേന്ദ്രം. ജഹറയിൽ അബ്ദുല്ല അൽ മുബാറക് അസ്സബാഹ് ഹാൾ, സബാഹിയ റജ അൽ ഹബാജ് ഹാൾ, ഫിർദൗസിലെ അൽ ഫിർദൗസ് കമ്യൂണിറ്റി ഹാൾ എന്നിവയാണ് മറ്റു റേഷൻ വിതരണകേന്ദ്രങ്ങൾ. ഓരോരുത്തരുടെയും മേൽവിലാസത്തിെൻറ അടിസ്ഥാനത്തിൽ വിതരണ കേന്ദ്രം, സമയം എന്നിവ സംബന്ധിച്ച് ഓരോ ഗുണഭോക്താവിനും അറിയിപ്പ് നൽകുമെന്നും അധികൃതർ വ്യതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.