ഫാഷിസ്റ്റ് വിരുദ്ധ ജനപക്ഷ രാഷ്ട്രീയ ചേരി ശക്തിപ്പെടുത്തും -റസാഖ് പാലേരി
text_fieldsപരമ്പരാഗത പാർട്ടികളുടെത് വഞ്ചനാപരമായ നിലപാട്
ഹിന്ദുത്വ ഫാഷിസം, സവർണ മേൽക്കോയ്മ, കോർപറേറ്റ് വാഴ്ച, ഭരണകൂട ഭീകരത, ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾ എന്നിവയുടെ ഇരകളെ ചേർത്തുപിടിച്ച് ശക്തമായ രാഷ്ട്രീയ ചേരി കെട്ടിപ്പടുക്കേണ്ടതുണ്ട്. മുസ്ലിംകൾ, ദലിതർ, ആദിവാസികൾ, ക്രൈസ്തവർ, ദലിത് ക്രൈസ്തവർ, പിന്നാക്ക ഹിന്ദുക്കൾ, സ്ത്രീകൾ, തീരദേശ ജനത, ഭൂരഹിതർ, കർഷകർ, തൊഴിലാളികൾ തുടങ്ങി നീതി നിഷേധിക്കപ്പെടുന്ന ജനസമൂഹങ്ങളുടെ സാമൂഹിക പദവിയും അവകാശവും അധികാര പങ്കാളിത്തവും സത്യസന്ധമായി ഉയർത്തുന്ന രാഷ്ട്രീയ മുന്നേറ്റത്തിന് വെൽഫെയർ പാർട്ടി നേതൃത്വം നൽകും. പരമ്പരാഗത പാർട്ടികൾ ഇത്തരം ജനതകളോട് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഹിന്ദുത്വ ഫാഷിസത്തെ പരാജയപ്പെടുത്താൻ കഴിയുന്ന കൃത്യമായ ഒരു പദ്ധതിയും പരമ്പരാഗത രാഷ്ട്രീയ കക്ഷികൾ മുന്നോട്ടുവെക്കുന്നില്ല.
ഹിന്ദുത്വ ഫാഷിസം, കോർപറേറ്റ് ആധിപത്യം, വംശീയ മേധാവിത്വം, സവർണ മേൽക്കോയ്മ, ഭരണകൂട ഭീകരത, ജനവിരുദ്ധ ഭരണസമീപനം എന്നിവക്കെതിരായ നവ ജനാധിപത്യത്തിൽ അടിയുറച്ച ജനപക്ഷ രാഷ്ട്രീയ ചേരി രൂപപ്പെടുത്തിയാൽ മാത്രമേ ഇത്തരം ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയൂ.
കോർപറേറ്റ്-ഭരണകൂട അച്ചുതണ്ട് ശക്തം
കോർപറേറ്റുകളുടെ സാമ്പത്തിക താൽപര്യം ആണ് ഭരണകൂടങ്ങൾ നടപ്പാക്കുന്നത്. അദാനിയെപോലുള്ള മുതലാളിമാർ പൊതുസമ്പത്ത് കൊള്ളയടിച്ച് തടിച്ചുകൊഴുത്തവരാണ്. ചങ്ങാത്ത മുതലാളിത്തത്തിലൂടെ നേടിയെടുത്ത കൃത്രിമ സമ്പന്നതയാണ് ഇത്തരം മുതലാളിമാർക്കുള്ളത്. കള്ളക്കണക്കുകൾ കാണിച്ചും പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തും നേടിയെടുത്ത സമ്പന്ന സാമ്രാജ്യം ശീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കാണുന്നത്. ഇത്തരം മുതലാളിമാരുടെ തകർച്ചയുടെ ഭാരം കൂടി ജനങ്ങളുടെ മേലാണ് വന്നു പതിക്കുന്നത്.
ഇത്തരം സമീപനങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം അനിവാര്യമാണ് കോർപറേറ്റ് സാമ്പത്തിക ഘടനക്ക് വിധേയരായ പരമ്പരാഗത പാർട്ടികൾക്ക് ഇത് സാധ്യമല്ല. കോർപറേറ്റ് - ഭരണകൂട അച്ചുതണ്ടിനെതിരെ ജനകീയ സമരം അനിവാര്യമാണ്.
സവർണ സംവരണം റദ്ദ് ചെയ്യപ്പെടണം
സവർണ സംവരണ വാദികളുടെ സ്വാധീനത്തിന് കീഴ്പ്പെട്ട കക്ഷികളിൽ നിന്ന് സംവരണ സമൂഹങ്ങൾക്ക് ഒരുതരത്തിലുള്ള ന്യായവും നീതിയും ലഭിക്കുകയില്ല. ദലിതർക്കും ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും അർഹമായ രാഷ്ട്രീയ -ഭരണ ഉദ്യോഗ -പ്രാതിനിധ്യം നേടിയെടുക്കാൻ പുതിയ രാഷ്ട്രീയമുന്നേറ്റം കൊണ്ട് മാത്രമേ സാധ്യമാകൂ. സവർണ സംവരണം ആദ്യം നടപ്പാക്കിയ സംസ്ഥാനം കേരളമാണ്.
ഇത് സാമൂഹികനീതിക്കെതിരാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും അവർക്ക് അർഹമായ പ്രാതിനിധ്യം എല്ലാ രംഗത്തും ലഭ്യമാകണം. സവർണ സംവരണം റദ്ദ് ചെയ്യപ്പെടണം. സംവരണ സമൂഹങ്ങൾക്ക് ജനസംഖ്യാനുപാതിക സംവരണം ലഭ്യമാകേണ്ടതുണ്ട്. സർക്കാർ ശമ്പളം നൽകുന്ന എല്ലാ സംവിധാനങ്ങളിലെയും സ്ഥാപനങ്ങളിലെയും നിയമനം സംവരണം ബാധകമാക്കി പി.എസ്.സിക്ക് വിടണം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് കൈമാറണം. സ്വകാര്യ മേഖലയിലും സംവരണം ബാധകമാക്കണം.
അനീതിയും വിവേചനവും തുടരുന്നു
ഭൂ ഉടമസ്ഥതയിൽ സംസ്ഥാനത്ത് കടുത്ത അനീതിയും വിവേചനവും ആണ് നിലനിൽക്കുന്നത്. നാൽപതിനായിരത്തിലധികം കോളനികളിൽ നരക ജീവിതം നയിക്കുകയാണ് കേരളത്തിലെ ദലിതർ. മറ്റ് വിഭാഗങ്ങളിലും ഭൂരഹിതർ ധാരാളമായി ഉണ്ട്. ഇത്തരം ജനവിഭാഗങ്ങളുടെ ഭൂ ഉടമസ്ഥത അംഗീകരിക്കാൻ സർക്കാറുകൾ തയാറാകുന്നില്ല. തീരദേശ ജനത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ പ്രക്ഷോഭങ്ങളെ തീവ്രവാദ മുദ്ര ചാർത്തി ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുന്നു. സ്ത്രീകളുടെ സാമൂഹിക പദവി, സുരക്ഷ, ഭരണ-അധികാര പങ്കാളിത്തം എന്നിവയിൽ നീതിപൂർവ സമീപനം ഉണ്ടായിട്ടില്ല. വനിതാ സംവരണത്തിൽ ഇതുവരെയും തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല.
തൊഴിലില്ലായ്മ കൂടി, പരിസ്ഥിതി തകർന്നു
രാജ്യത്തും സംസ്ഥാനത്തും തൊഴിലില്ലായ്മ വർധിക്കുകയാണ്. തൊഴിൽ നിയമങ്ങൾ ദുർബലമായിക്കൊണ്ടിരിക്കുന്നു. തൊഴിൽ സമരങ്ങൾ പോലും അനുവദിക്കാത്ത സാഹചര്യമാണ് രൂപപ്പെടുന്നത്. കോർപറേറ്റ് സാമ്പത്തിക വ്യവസ്ഥക്കു പകരം ജനപക്ഷ സാമ്പത്തിക സമീപനം ഉയർത്തിക്കൊണ്ടു വരുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ജനകീയ ഇടപെടലുകളും പ്രക്ഷോഭങ്ങളും രൂപപ്പെടണം.
കേരളത്തിന്റെ സവിശേഷതയായ പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതിക്ക് ഒട്ടും പ്രാധാന്യം കൊടുക്കാത്ത വികസന നയമാണ് പിന്തുടരുന്നത്. കെ.റെയിൽ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.