കുട്ടികളിൽ വായനയും ശാസ്ത്രബോധവും വളർത്താൻ റീഡേഴ്സ് ക്ലബ്
text_fieldsകുവൈത്ത് സിറ്റി: കുട്ടികളിൽ വായനയും ശാസ്ത്രത്തോടുള്ള താൽപര്യം വളർത്തലും ലക്ഷ്യമിട്ട് കുവൈത്ത് റീഡേഴ്സ് ക്ലബ് രൂപവത്ക്കരിച്ചു. പുസ്തകങ്ങൾ ആസ്വദിക്കാനും പുതിയ കഴിവുകൾ പഠിക്കാനും ശാസ്ത്ര പ്രവർത്തനങ്ങൾ പര്യവേക്ഷണം ചെയ്യാനും കുട്ടികളെ ഈ ക്ലബ് സഹായിക്കും. മലയാളി വിദ്യാർഥികളായ റീമ, റീയ എന്നിവരുടെ നേതൃത്വത്തിൽ ഒരു കൂട്ടം സ്കൂൾ കുട്ടികളാണ് ക്ലബിന് പിന്നിൽ.
ക്ലബ് ഉദ്ഘാടനത്തിന്റെ ഭാഗമായി ബഹിരാകാശ നിരീക്ഷണ ശിൽപശാല സംഘടിപ്പിച്ചു. യു.കെയിലെ യൂനിവേഴ്സിറ്റി കോളജ് ലണ്ടൻ ഗവേഷകനായ ഈസ നസ്റുള്ളാഹ് ക്ലാസ് നയിച്ചു. കുട്ടികൾക്ക് ബഹിരാകാശത്തിന്റെ അത്ഭുതങ്ങളെയും പ്രപഞ്ചത്തെയും കുറിച്ച് കൂടുതലറിയാൻ ശിൽപശാല സഹായിച്ചു. ദൂരദർശിനിയിലൂടെ ചന്ദ്രൻ, വ്യാഴം, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളെ നിരീക്ഷിക്കാനും അവസരം ലഭിച്ചു. വായനയെ ശാസ്ത്രവുമായി ബന്ധിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് അവസരങ്ങളുടെ വിശാലമായ ലോകം തുറന്നുകൊടുക്കാൻ കഴിയുമെന്ന് ഈസ നസ്റുള്ളാഹ് പറഞ്ഞു.
റീഡേഴ്സ് ക്ലബിൽ ചേരുന്നതിലൂടെ കുട്ടികൾക്ക് വായനയുടെ സന്തോഷത്തിനൊപ്പം ശാസ്ത്ര വസ്തുതകൾ പഠിക്കാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും കഴിയുമെന്ന് റീമ പറഞ്ഞു. വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുറമേ റീഡേഴ്സ് ക്ലബ് ശാസ്ത്രീയ പ്രവർത്തനങ്ങൾ, നൈപുണ്യ വികസന ശിൽപശാലകൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയും ആസൂത്രണം ചെയ്തതായി റീയ പറഞ്ഞു. സഹോദരങ്ങളായ റീമയും റീയയും അടുത്തിടെ സ്വന്തം പുസ്തങ്ങൾ പുറത്തിറക്കിയിരുന്നു. കുവൈത്ത് നാഷനൽ ടി.വിയിൽ കിഡ്സ് റീഡിങ് ക്ലബ് എന്ന ടിവി പ്രോഗ്രാം അവതാരകരാണ് ഇരുവരും ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റീഡേഴ്സ് ക്ലബ് രൂപീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.