റീഡേഴ്സ് ക്ലബ് കുവൈത്ത് കുട്ടികൾക്കായി കഥ വായന സംഘടിപ്പിച്ചു
text_fieldsകഥ വായനക്കായി പാർക്കിൽ ഒത്തുകൂടിയ റീഡേഴ്സ് ക്ലബ് കുവൈത്ത് അംഗങ്ങൾ
കുവൈത്ത് സിറ്റി: റീഡേഴ്സ് ക്ലബ് കുവൈത്ത് സൽവ പാർക്കിൽ കുട്ടികൾക്കായി കഥ വായന സംഘടിപ്പിച്ചു. ചെറുപ്പം മുതലേ വായനാശീലം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് പുതുതായി രൂപവത്കരിച്ച ഇന്ത്യൻ വിദ്യാർഥികളുടെ കൂട്ടായ്മയാണ് റീഡേഴ്സ് ക്ലബ്. ‘കിഡ്സ് റീഡിങ് ക്ലബ്’ എന്ന കുവൈത്ത് ടി.വി പരിപാടിയുടെ അവതാരക റീമ ജാഫർ കുട്ടികൾക്കായി കഥ വായിച്ചു.
വായനാ യാത്ര തുടരാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകൾ, പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ച എന്നിവയും നടത്തി. ചോദ്യങ്ങൾ ചോദിച്ചും ചിന്തകൾ പങ്കുവെച്ചും കുട്ടികൾ സജീവമായി. ‘മിന്നി മൗസ്’ എന്ന കാർട്ടൂൺ കഥാപാത്രവും കുട്ടികൾ അവതരിപ്പിച്ചു. ഓരോ കുട്ടിക്കും ചെറിയ സമ്മാനങ്ങൾ നൽകിയാണ് സ്വീകരിച്ചത്. ക്ലബ് പ്രസിഡന്റ് റീമ ജാഫർ സ്വാഗതം പറഞ്ഞു.
സ്ക്രീനുകൾ ആധിപത്യം പുലർത്തുന്ന കാലഘട്ടത്തിൽ വായനാശീലം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കൾ സംരംഭത്തെ അഭിനന്ദിച്ചു. വരും മാസങ്ങളിൽ കൂടുതൽ പുസ്തകചർച്ചയും വായനപരിപാടികളും മറ്റും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ലബ് അംഗങ്ങളായ റീമ ജാഫർ, യഷിത ഭരദ്വാജ്, ലൂക്ക് ഫെർണാണ്ടസ്, മൈഷ നാസിഫ്, റിയ ജാഫർ, അനം ഒമർ, നിയ എൽസ പ്രേമോദ്, സാറാ ബിജോ, താഹ സിറാജ് എന്നിവർ പരിപാടി ഏകോപിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.