മഴക്കെടുതി നേരിടാനുള്ള ഒരുക്കങ്ങൾ സജ്ജമായി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മഴക്കെടുതി നേരിടാനുള്ള ഒരുക്കങ്ങൾ സജ്ജമായി. മഴക്കാലത്ത് റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും വറ്റിക്കാനും നഗരസഭയുടെ പൊതുശുചീകരണ, റോഡ് വർക്ക് വിഭാഗങ്ങളിലെ ഫീൽഡ് ടീമുകൾ സജ്ജമാണെന്ന് കുവൈത്ത് നഗരസഭ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. ഗവർണറേറ്റുകളുടെ എല്ലാ മേഖലകളിലും പരാതികൾ ഉടനടി കൈകാര്യം ചെയ്യും.
പൊതു ശുചീകരണ, റോഡ് വർക്ക് വകുപ്പുകൾ 1,690 ക്ലീനിങ് ജോലിക്കാരെ സജ്ജമാക്കിയിട്ടുണ്ട്. ബ്ലോവറുകൾ, ലോറികൾ, ബുൾഡോസറുകൾ, വേഷവിധാനങ്ങൾ, വാട്ടർ പമ്പുകൾ, മുറിക്കാനുള്ള സോകൾ എന്നിവ അടങ്ങുന്ന ആവശ്യമായ യന്ത്രസാമഗ്രികളും ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. റോഡിലെ വെള്ളക്കെട്ടും കടപുഴകിയ മരങ്ങളും ഉടനടി നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും.
ശുചീകരണ കേന്ദ്രങ്ങളിലെയും റോഡ് ജോലികളിലെയും ഇൻസ്പെക്ടർമാർ വിവിധ സർക്കാർ ഏജൻസികളുമായി യോജിച്ച ശ്രമങ്ങളും ഇടപെടലുകളും നടത്തും. വെള്ളം കെട്ടിക്കിടക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ, കാലാവസ്ഥ സാഹചര്യങ്ങൾ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ എന്നിവ വിലയിരുത്തി ഉടനടി പരിഹരിക്കാൻ ശ്രമം നടത്തും.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം തെരുവുകളിലെ അപകടാവസ്ഥയിലായ മരങ്ങൾ നീക്കം ചെയ്യുകയും ഡ്രൈനേജുകളും മറ്റും വൃത്തിയാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.