പെരുന്നാളിന് ഒരുങ്ങി...
text_fieldsകുവൈത്ത് സിറ്റി: അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും റമദാൻ ദിനങ്ങൾ പിന്നിട്ട് വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷത്തിന് ഒരുങ്ങുന്നു. പ്രാർഥനകളും കാരുണ്യപ്രവർത്തനങ്ങളും വിവിധ കർമങ്ങളുംകൊണ്ട് ജീവിതത്തെ ശുദ്ധീകരിച്ചാണ് വിശ്വാസികൾ റമദാനെ പിന്നിടുന്നത്. രാജ്യത്തെ വിവിധ പള്ളികളിൽ കഴിഞ്ഞ ദിവസവും രാത്രിനമസ്കാരങ്ങൾക്ക് ആയിരങ്ങൾ ഒത്തുചേർന്നു.
വ്യാഴാഴ്ച മാസപ്പിറ കണ്ടാൽ വെള്ളിയാഴ്ചയും അല്ലെങ്കിൽ നോമ്പ് 30 പൂർത്തിയാക്കി ശനിയാഴ്ചയുമാകും പെരുന്നാൾ. മാസപ്പിറവി ദൃശ്യമാകൽ വിലയിരുത്താനും പെരുന്നാൾ ദിവസം തീരുമാനിക്കുന്നതിനുമായി വ്യാഴാഴ്ച വൈകീട്ട് ഏഴു മണിക്ക് സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ നേതൃത്വത്തിൽ യോഗം ചേരും. രാജ്യത്ത് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് മാസപ്പിറവി നിര്‍ണയ സമിതി അഭ്യർഥിച്ചു. മാസപ്പിറ കണ്ടാല്‍ ഔഖാഫ് മന്ത്രാലയത്തില്‍ നേരിട്ടെത്തി അറിയിക്കണം.
നമസ്കാരം രാവിലെ 5.31ന്
കുവൈത്ത് സിറ്റി: രാജ്യത്ത് ഈദ്ഗാഹിലും പള്ളികളിലും പെരുന്നാള്‍ നമസ്കാരം ഉണ്ടായിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. 49 കേന്ദ്രങ്ങളിലാണ് ഈദ്ഗാഹിനായി മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ 5.31നാണ് പെരുന്നാള്‍ നമസ്കാരം. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ യൂത്ത് സെന്ററുകൾ, സ്പോർട്സ് ഗ്രൗണ്ടുകള്‍ എന്നിവയാണ് ഈദ്ഗാഹിനായി നിശ്ചയിച്ച സ്ഥലങ്ങള്‍. ഇവിടങ്ങളിൽ നമസ്കാരങ്ങൾക്ക് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയോടെ രാജ്യം പെരുന്നാൾ അവധിയിലേക്കു പ്രവേശിക്കും. വാരാന്ത്യ അവധികള്‍ അടക്കം അഞ്ചു ദിവസമാണ് കുവൈത്തില്‍ പെരുന്നാള്‍ അവധി. ഏപ്രില്‍ 26 ബുധനാഴ്ച അവധി കഴിഞ്ഞ് സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും പ്രവര്‍ത്തനമാരംഭിക്കും.
അബ്ബാസിയയിൽ മലയാളി ഈദ്ഗാഹ്
കുവൈത്ത് സിറ്റി: സർക്കാർ അനുമതിയോടെ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന മലയാളി ഈദ്ഗാഹ് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിനു പിൻവശമുള്ള (ചാച്ചൂസ് ഹോട്ടലിന് എതിർവശത്തുള്ള) കാർ പാർക്കിങ്ങിൽ നടക്കും. കേരള നദ്വത്തുൽ മുജാഹിദീൻ മർകസ്സുദ്ദഅ് വ സംസ്ഥാന ട്രഷറർ എം. അഹ്മദ് കുട്ടി മദനി എടവണ്ണ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകും.
കോവിഡിനുശേഷം ആദ്യമായാണ് മലയാളി ഈദ്ഗാഹ് നടക്കുന്നത്. ഇന്ത്യൻ അംബാസഡറും വിവിധ സംഘടന പ്രതിനിധികളും ഈദ്ഗാഹിൽ പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. രാവിലെ 5.31ന് ഈദ്ഗാഹ് നമസ്കാരം ആരംഭിക്കും. ഈദ്ഗാഹിന് എത്തുന്നവർ വുളു എടുത്ത് വരണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 67632426, 97827920, 97562375.
കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഈദ്ഗാഹ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻററിന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിലായി ആറ് ഈദ്ഗാഹുകൾ സംഘടിപ്പിക്കും. പ്രമുഖ പണ്ഡിതന്മാർ നമസ്കാരത്തിന് നേതൃത്വം നൽകും. അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂൾ ഗ്രൗണ്ട് (സമീർ അലി എകരൂൽ), സാൽമിയ മസ്ജിദ് അൽ നിംഷ് ഗ്രൗണ്ട് (പി.എൻ. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്), ഫർവാനിയ പാർക്കിനു സമീപത്തുള്ള ഗ്രൗണ്ട് (മുഹമ്മദ് അഷ്റഫ് എകരൂൽ), മംഗഫ് മലയാളം ഖുത്തുബ മസ്ജിദിനു സമീപം (ഷഫീഖ് മോങ്ങം), ഫഹാഹീൽ ദബ്ബൂസ് പാർക്ക് (സാജു ചെംനാട്), ഖൈത്താൻ സ്ട്രീറ്റ് പെഡൽ ടറഫ് (ഷബീർ സലഫി) എന്നിവരുടെ നേതൃത്വത്തിൽ ഈദ് പ്രാർഥനകൾ നടക്കും.
ഹവല്ലി, ശർഖ്, അബൂഹലീഫ, ജഹറ, മെഹബൂല എന്നിവിടങ്ങളിൽ സെന്ററിന്റെ കീഴിൽ മലയാളം ഖുത്തുബ നടക്കുന്ന പള്ളികളിൽ യഥാക്രമം, സി.പി. അബ്ദുൽ അസീസ്, മുസ്തഫ സഖാഫി, അബ്ദുൽ മജീദ് മദനി, അബ്ദുസ്സലാം സ്വലാഹി, സിദ്ദീഖ് ഫാറൂഖി എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകും. രാവിലെ 5.31ന് ആരംഭിക്കുന്ന ഈദ് നമസ്കാരത്തിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.