തിരക്കിനിടയിലെ ആശ്വാസപ്രവർത്തനം
text_fieldsവർഷങ്ങൾക്കു മുമ്പ്, 2017 നവംബറിൽ ഉമ്മൻ ചാണ്ടി കുവൈത്തിൽ ഒ.ഐ.സി.സി പുരസ്കാര സന്ധ്യയിൽ പങ്കെടുക്കാനെത്തിയ സമയം. സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന എനിക്ക് അന്ന് അടിയന്തരമായ ഒരു സഹായം അനിവാര്യമായിരുന്നു. ഏഴു മാസമായി ഫർവാനിയ ആശുപത്രിയിൽ കഴിയുന്ന 60കാരിയായ മലയാളി സ്ത്രീയെ നാട്ടിൽ അയക്കുന്നതിനെ കുറിച്ചായിരുന്നു അത്.
വർഷങ്ങളായി കുവൈത്തിൽ വീട്ടുജോലികൾ ചെയ്തുവന്നിരുന്ന അവർ നാട്ടിൽ പോയിട്ട് രണ്ടു ദശകത്തോളമായിരുന്നു. ഒരു ദിവസം ദന്തഡോക്ടറുടെ അടുത്തേക്കുള്ള യാത്രക്കിടെ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനം ഇടിച്ച് അവർക്ക് സാരമായ പരിക്കുകൾ പറ്റി. തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ദീർഘകാലമായി കിടപ്പിലായിരുന്നു.
നാട്ടിലേക്ക് പോകാൻ അവർ തയാറായിരുന്നു. അതിനായി കുവൈത്തിലുള്ള എല്ലാ നിയമനടപടികളും പൂർത്തീകരിച്ചെങ്കിലും നാട്ടിൽ ആരും അവരെ ഏറ്റെടുക്കാനുണ്ടായിരുന്നില്ല.
മിശ്രവിവാഹിത ആയതിനാൽ വീട്ടുകാരും പിന്നീട് ഭർത്താവും രോഗിയായതോടെ മക്കളും അവരെ ഉപേക്ഷിച്ചിരുന്നു. നടക്കാൻ പോലും കഴിയാത്ത അവരെ ആ അവസ്ഥയിൽ നാട്ടിൽ അയക്കാനും കഴിയുമായിരുന്നില്ല. ഇനി എന്തു ചെയ്യും എന്ന ആലോചനക്കിടെയാണ് 2017 നവംബർ 23ന് ഉമ്മൻ ചാണ്ടി കുവൈത്തിൽ എത്തിയത്.
സുഹൃത്ത് സണ്ണി മണർകാട് വഴി വിഷയം ഉമ്മൻ ചാണ്ടിയുടെ മുന്നിൽ അവതരിപ്പിച്ചു. നാട്ടിലെത്തിച്ച് ചികിത്സ നൽകിയാൽ വലിയ ഗുണം ചെയ്യുമെന്നും അതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും ആയിരുന്നു അപേക്ഷ. അദ്ദേഹം പക്ഷേ അത് ഗൗരവത്തിലെടുത്തു. തിരക്കിട്ട പരിപാടികൾക്കിടെ ഫർവാനിയ ആശുപത്രിയിലെത്തി. രോഗിയെ ആശ്വസിപ്പിച്ചു. നാട്ടിൽ എത്തിച്ചാൽ തുടർചികിത്സക്കും താമസസൗകര്യത്തിനുമുള്ള നടപടി സ്വീകരിക്കാമെന്ന ഉറപ്പും നൽകി.
അങ്ങനെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വീൽചെയറിൽ അവരെ നാട്ടിലയച്ചു. നാട്ടിലെത്തിയ അവർക്ക് മാസങ്ങളോളം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയും പിന്നീട് ഗാന്ധിഭവനിൽ താമസം ഉറപ്പാക്കാനും ഉമ്മൻ ചാണ്ടി ശ്രദ്ധ ചെലുത്തി. ചൊവ്വാഴ്ച രാവിലെ ഉമ്മൻ ചാണ്ടിയുടെ മരണവാർത്ത കേട്ടപ്പോൾ ആദ്യ മനസ്സിലെത്തിയത് ഈ അനുഭവമാണ്. നിസ്സഹായരായ മനുഷ്യരുടെ കഥകൾ കേൾക്കാനും അവരുടെ കണ്ണീരൊപ്പാനും എന്നും മനസ്സുകാണിച്ച ആ വലിയ മനുഷ്യനു പ്രണാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.