ഇന്ത്യൻ നാവികകപ്പലിന് സ്വീകരണം
text_fieldsകുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്ത് ഇന്ത്യൻ നാവികക്കപ്പൽ ടി.ഇ.ജിക്ക് ഇന്ത്യൻ എംബസി കഴിഞ്ഞദിവസം സ്വീകരണം നൽകി. കുവൈത്തുമായി ഇന്ത്യ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60ാം വാർഷികവും 75ാം വർഷമായ ആസാദി കാ അമൃത് മഹോത്സവവും ആഘോഷിക്കുന്ന വർഷത്തിലാണ് ഈ സ്വീകരണം നടക്കുന്നതെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു.
ഈ കപ്പൽ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ മേഖലകളിലും പ്രത്യേകിച്ച് പ്രതിരോധ സഹകരണ മേഖലയിൽ വളർന്നുവരുന്ന ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയും കുവൈത്തും വളരെ പരമ്പരാഗതവും ഊർജസ്വലവുമായ ബന്ധമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് ഉയർത്തിയ നിരവധി ബുദ്ധിമുട്ടുകളും വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും ഇന്ത്യ-കുവൈവത്ത് ബന്ധം വളർന്നുകൊണ്ടിരുന്നു.
ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് എമർജൻസി മെഡിക്കൽ സംഘത്തെ അയക്കുകയും തുടർന്ന് 'ഇന്ത്യയിൽ നിർമിച്ച' വാക്സിനുകൾ കുവൈത്തിൽ വിതരണം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം കുവൈത്ത് സന്ദർശിച്ച ആറ് ഇന്ത്യൻ നാവിക കപ്പലുകൾ തങ്ങളുടെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തിയതായും അംബാസഡർ പറഞ്ഞു.
കുവൈത്തിനും ഇന്ത്യയ്ക്കും ഒരു വലിയ ബന്ധത്തിന്റെ നീണ്ട ചരിത്രമുണ്ട്, വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ പിതാക്കൾക്കും മുത്തച്ഛന്മാർക്കും തടി ബോട്ടുകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞതായി കുവൈത്ത് നാവികസേന കമാൻഡർ ബ്രിഗേഡിയർ ജനറൽ ഹസ്സ അൽ അലത്തി പറഞ്ഞു. കുവൈത്തിൽ 1961 വരെ ഇന്ത്യൻ കറൻസി (രൂപ) ഉപയോഗിച്ചിരുന്നു.
ഇന്ത്യൻ നാവികസേനയുമായുള്ള സഹകരണം വർധിപ്പിക്കാൻ കുവൈത്ത് നാവികസേന എപ്പോഴും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.ഇ.ജി കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ കുമാർ അടക്കം ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.