ഗാർഹിക തൊഴിലാളി റിക്രൂട്ടിങ് കമ്പനി സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി രൂപവത്കരിച്ച ഗാർഹികത്തൊഴിലാളി റിക്രൂട്ടിങ് കമ്പനി സെപ്റ്റംബറിൽ പ്രവർത്തിച്ചുതുടങ്ങും. സർക്കാർ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കമ്പനിവഴി കുറഞ്ഞ ചെലവിലും എളുപ്പത്തിലും വീട്ടുജോലിക്കാരെ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. സ്വദേശികൾക്ക് എളുപ്പത്തിലും കുറഞ്ഞ നിരക്കിലും തൊഴിലാളികളെ തെരഞ്ഞെടുക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ചെയർമാൻ ഇയാദ് അൽ സുമൈത്ത് പറഞ്ഞു. കുവൈത്ത് സിറ്റിയിലെ ജാബിർ അൽ ഹമദ് സ്ട്രീറ്റിലുള്ള അൽ അവാദി ടവറിലായിരിക്കും കമ്പനിയുടെ ആസ്ഥാനം. രാജ്യത്തെ എല്ലാ ജംഇയ്യകളിലും റിക്രൂട്ടിങ് കമ്പനിയുടെ ശാഖകൾ പ്രവർത്തിക്കും. കമ്പനി പ്രവർത്തനക്ഷമമാകുന്നതോടെ റിക്രൂട്ട്മെൻറ് ചെലവ് പകുതിയായി കുറയും.
500 മുതൽ 600 ദീനാർ വരെ ഈടാക്കി വിദേശ തൊഴിലാളികളെ ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമം. കമ്പനി മുഖേന റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികൾ പകർച്ചവ്യാധികളിൽനിന്ന് മുക്തരാണെന്ന് ഉറപ്പുവരുത്തുമെന്നും ഇതിനാവശ്യമായ പരിശോധനകൾ സ്വന്തം രാജ്യങ്ങളിൽനിന്ന് നടത്തിയശേഷമായിരിക്കും ജോലിക്കാരെ റിക്രൂട്ട് ചെയ്യുകയെന്നും കമ്പനി ചെയർമാൻ വ്യക്തമാക്കി. ജനറൽ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, കോഓപറേറ്റിവ് സൊസൈറ്റി യൂനിയൻ തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത സംരംഭമായാണ് നിർദിഷ്ട ഗാർഹിക തൊഴിലാളി റിക്രൂട്ടിങ് കമ്പനി പ്രവർത്തിക്കുക.
കോഓപറേറ്റിവ് സൊസൈറ്റികൾക്ക് 60 ശതമാനം, പബ്ലിക് അതോറിറ്റി ഫോർ ഇൻവെസ്റ്റ്മെൻറ്, കുവൈത്ത് എയർവേസ്, അമീരി ദിവാൻ, സാമൂഹിക സുരക്ഷക്കുള്ള പബ്ലിക് അതോറിറ്റി എന്നിവക്ക് പത്തു ശതമാനം വീതം എന്നിങ്ങനെയാണ് നിക്ഷേപ പങ്കാളിത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.