30 വയസ്സിന് താഴെയുള്ള ബിരുദധാരികളുടെ റിക്രൂട്ട്മെൻറ് വിലക്ക് റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: 30 വയസ്സിന് താഴെ പ്രായമുള്ള വിദേശികളായ ബിരുദധാരികളുടെ കുവൈത്തിലേക്കുള്ള റിക്രൂട്ട്മെൻറ് വിലക്കാനുള്ള തീരുമാനം റദ്ദാക്കി.
ജൂലൈ മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ് ഉത്തരവ് റദ്ദാക്കിയത്. മികച്ച തൊഴിൽ പരിശീലനം നേടിയവരെ മാത്രം വിപണിയിൽ ലഭ്യമാക്കുക, ഈ രംഗത്ത് യോഗ്യരായ തദ്ദേശീയ ചെറുപ്പക്കാർക്ക് അവസരം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ബിരുദത്തിന് മേൽ യോഗ്യതയുള്ള വിദേശികൾക്ക് പ്രായ നിബന്ധന ആലോചിച്ചത്. മലയാളികളുൾപ്പെടെ 30 വയസ്സ് തികയാത്ത ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള നിരവധി തൊഴിലന്വേഷകരാണ് കോഴ്സ് പൂർത്തിയാക്കിയ ഉടനെ കുവൈത്തിലേക്ക് വന്നുകൊണ്ടിരുന്നത്.
മാൻപവർ അതോറിറ്റിയുടെ തീരുമാനം ഇത്തരക്കാരുടെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ നിയമം പ്രാബല്യത്തിൽ വരുത്താനായിരുന്നു മാൻപവർ പബ്ലിക് അതോറിറ്റി നേരത്തേ തീരുമാനിച്ചിരുന്നത്. കൂടുതൽ പഠനം നടത്തേണ്ടതുകൊണ്ട് ഉത്തരവ് നടപ്പാക്കുന്നത് ജൂലൈയിലേക്ക് നീട്ടിവെക്കുകയായിരുന്നു. ഇതാണിപ്പോൾ പൂർണമായി ഒഴിവാക്കിയത്. തൊഴിൽ വിപണി ക്രമീകരണത്തിനും സ്വകാര്യ മേഖലയിൽ പരിചയസമ്പന്നരും കാര്യക്ഷമതയുമുള്ള തൊഴിലാളികളെ ലഭ്യമാക്കാനും ഉചിതമായ മറ്റുവഴികൾ തേടുമെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.