നാട്ടിൽ കുടുങ്ങിയവർക്കായി ഇന്ത്യൻ എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവ്
text_fieldsഇന്ത്യൻ എംബസി ഒാപൺ ഹൗസിൽ അംബാസഡർ സിബി ജോർജ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിൽപോയി യാത്രാനിയന്ത്രണങ്ങളെ തുടർന്ന് കുവൈത്തിലേക്ക് മടങ്ങിവരാനാകാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്കായി കുവൈത്തിലെ ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ഡ്രൈവ് നടത്തുന്നു. കുവൈത്ത് ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങൾ കാരണം തിരിച്ചുവരവ് മുടങ്ങിയ പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവരശേഖരണമെന്നു എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. യാത്രാനിയന്ത്രണങ്ങൾ കാരണം പ്രയാസത്തിലായ പ്രവാസികളുടെ പ്രശ്നങ്ങൾ ഏറ്റവും പുതിയ കണക്കുകൾ സഹിതം കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് നീക്കം. കോവിഡ് 19 പാൻഡെമിക് എന്ന വിഷയത്തിൽ ബുധനാഴ്ച എംബസി സംഘടിപ്പിച്ച ഓൺലൈൻ ഓപൺ ഹൗസിലാണ് അംബാസഡർ സിബി ജോർജ് ഇക്കാര്യം പറഞ്ഞത്.
കോവിഡ് പ്രതിസന്ധിമൂലം പ്രയാസത്തിലായ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി എംബസിയിൽ പ്രത്യേക ഹെൽപ് ഡെസ്ക്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. https://forms.gle/sExZK1GKW36BLpVz7 എന്ന ഗൂഗിൾ ഫോറം ലിങ്ക് വഴി വിവരങ്ങൾ നൽകാം. കുവൈത്തിലേക്ക് മടങ്ങിവരാനാവാതെ ഇന്ത്യയിൽ കുടുങ്ങിപ്പോയതുമൂലം ഇഖാമ കാലഹരണപ്പെട്ടവർ, തൊഴിൽ നഷ്്ടപ്പെട്ടവർ, കുവൈത്തിലുള്ള കുടുംബാംഗങ്ങളുടെ അടുത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർ, കുവൈത്തിൽ വീടും മറ്റു സംവിധാനങ്ങളും ഉള്ളവർ, തിരികെ എത്തി വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ, അർഹമായ ശമ്പള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും വാങ്ങാൻ കഴിയാത്തവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവിൽ വിവരങ്ങൾ നൽകാം. 2020 മേയിൽ നടത്തിയ ഡ്രൈവിൽ രജിസ്റ്റർ ചെയ്തവർ ഈ ഡ്രൈവിലും വിവരങ്ങൾ നൽകണം.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ എംബസി വെബ്സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിൽ നൽകും. കൂടുതൽ വിവരങ്ങൾക്ക് www.indembkwt.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ Twitter: @indembkwt, Facebook: @indianembassykuwait എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ശ്രദ്ധിക്കുകയോ cw1.kuwait@mea.gov.in എന്ന വിലാസത്തിൽ മെയിൽ അയക്കുകയോ ചെയ്യണം.
ഇന്ത്യയിലെ കോവിഡ് വ്യാപനം കുവൈത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന പ്രവാസികൾക്ക് ആശങ്ക
ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ മൂന്നുലക്ഷത്തിനടുത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തിരിച്ചുവരവിന് അവസരം കാത്തിരിക്കുന്ന പ്രവാസികൾക്ക് ഇന്ത്യയിലെ കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്നു. ഇപ്പോൾ കുവൈത്ത് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. വിലക്ക് നീക്കിയാലും നാട്ടിലെ കോവിഡ് വ്യാപനം കാരണം ഇന്ത്യൻ പ്രവാസികൾക്ക് അവസരം നഷ്ടപ്പെടുമോ എന്നാണ് ആശങ്ക. അവധിക്ക് നാട്ടിൽ പോയി കുടുങ്ങിയ ആയിരങ്ങളാണുള്ളത്.
ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തിൽ എത്തേണ്ടതുള്ളവരാണ് ഇവരിലേറെയും. പെരുന്നാളിന് ശേഷം കുവൈത്ത് പ്രവേശന വിലക്ക് പിൻവലിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ട്. കോവിഡ് വ്യാപനം കൂടുതലുള്ള ചില രാജ്യങ്ങൾക്ക് വിലക്ക് നിലനിർത്താനാണിട. ഇതാണ് ഇന്ത്യൻ പ്രവാസികളുടെ ആശങ്കയുടെ അടിസ്ഥാനം. ഇനിയും വരാൻ കഴിയുന്നില്ലെങ്കിൽ വിസ കാലാവധി കഴിഞ്ഞ് തീരെ വരാൻ കഴിയാത്ത സ്ഥിതി വരും.
ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ മൂന്നു ലക്ഷത്തിനടുത്താണ്. ഇത് കുവൈത്തിെൻറ ശ്രദ്ധയിലുണ്ട്. കർഫ്യൂ പ്രാബല്യത്തിലുണ്ടായിട്ടും കുവൈത്തിലും കോവിഡ് കേസുകൾ കൂടുതലാണ്. 1400നടുത്താണ് പ്രതിദിന കേസുകൾ. 15000ത്തിന് മുകളിൽ ആളുകൾ ചികിത്സയിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ 250ഒാളം പേർ ഉണ്ട്. െഎ.സി.യു വാർഡുകളുടെ പകുതി നിറഞ്ഞിരിക്കുകയാണ്. വൈറസ് വ്യാപനം പരിധി വിട്ടാൽ കാര്യങ്ങൾ കുഴയും.
അതുകൊണ്ടുതന്നെ തൽക്കാലം കൂടുതൽ ആളുകൾ രാജ്യത്ത് എത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിർദേശമാണ് ആരോഗ്യമന്ത്രാലയം നൽകിയത് എന്നറിയുന്നു. അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാത്ത പ്രവാസികൾ മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ നിരാശരായിട്ടുണ്ട്. ദുബൈ ഉൾപ്പെടെ ഇടത്താവളങ്ങളിൽ കഴിഞ്ഞിരുന്നവർ മിക്കവാറും നാട്ടിലേക്ക് തന്നെ മടങ്ങി. ഉടനെയൊന്നും യാത്രാവിലക്ക് നീക്കുമെന്ന പ്രതീക്ഷ അവർക്കുമില്ല. നിരവധി പേരുടെ വിസ കാലാവധി കഴിഞ്ഞ് ഇനി കുവൈത്തിലേക്ക് വരാൻ കഴിയാത്ത സ്ഥിതിയായി. കോവിഡ് പ്രതിസന്ധി നീളുേമ്പാൾ ആയിരങ്ങളുടെ ഉപജീവനമാണ് പ്രതിസന്ധിയിലാകുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.