പാർലമെൻറും സർക്കാറും തമ്മിൽ ബന്ധം വഷളാകുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം വഷളാകുന്നു. എം.പിമാരും സ്പീക്കറും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ വർധിച്ചുവരുകയാണ്. അന്തരീക്ഷം വഷളാക്കി പാർലമെൻറ് പിരിച്ചുവിടുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ചില എം.പിമാർ ശ്രമിക്കുന്നതെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു. പാർലമെൻറ് പിരിച്ചുവിടാനുള്ള പൂർണമായ അധികാരം അമീറിനുണ്ട്.
ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കാതെ പാർലമെൻറ് പിരിച്ചുവിടുന്ന സാഹചര്യം സൃഷ്ടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. രാഷ്ട്രീയ നേതൃത്വത്തിനും ജനങ്ങൾക്കും ഇത് മനസ്സിലാകുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജം പ്രചരിപ്പിച്ച് തെറ്റായ പൊതുബോധം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. വൻതുകയാണ് ഇതിന് ചെലവഴിക്കുന്നത്. യഥാർഥ ജനവികാരം തെരഞ്ഞെടുപ്പിൽ കണ്ടതാണ്.
എല്ലാ കുപ്രചാരണങ്ങളെയും അതിജയിച്ച് ഒന്നാമനായാണ് താൻ ജയിച്ചതെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിക്കെതിരായ കുറ്റവിചാരണ നടക്കാതിരിക്കാൻ സ്പീക്കർ അനധികൃതമായി ഇടപെടുകയാണെന്നും ഭരണഘടനാപരമായ അവകാശങ്ങൾ വിലക്കി ഒരു ദിവസം പോലും സുഗമമായി സഭ നടത്താൻ സ്പീക്കറെ അനുവദിക്കില്ലെന്നും എം.പിമാർ പറയുന്നു.
പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ള പാർലമെൻറിൽ കുറ്റവിചാരണകളുടെ തുടർച്ചയുണ്ടാവുമെന്നും സർക്കാറും പാർലമെൻറും തമ്മിലുള്ള സംഘർഷത്തിന് ഇത് കാരണമാവുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
സമവായം സാധ്യമായില്ലെങ്കിൽ അമീറിെൻറ പ്രത്യേകാധികാരം ഉപയോഗിച്ച് പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.