നിയന്ത്രണങ്ങൾ നീക്കൽ: അഞ്ചാംഘട്ടത്തിലേക്ക് കടക്കൽ വാക്സിൻ എത്തിയ ശേഷം
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്നത് വാക്സിൻ എത്തിയതിന് ശേഷം മാത്രം. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണം നീക്കി കുവൈത്തിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ആളുകൾ കൂടുതൽ പെങ്കടുത്തുള്ള വിവാഹം, പൊതു ചടങ്ങുകൾ, കുടുംബസംഗമങ്ങൾ, ബിരുദദാന ചടങ്ങുകൾ, സമ്മേളനങ്ങൾ, പൊതുപരിപാടികൾ, പ്രദർശനങ്ങൾ, ട്രെയ്നിങ് കോഴ്‌സുകൾ, സിനിമ നാടക തിയറ്റർ, തുടങ്ങിയവക്ക് അനുമതി നൽകുന്നത് അഞ്ചാംഘട്ടത്തിലാണ്.
സർക്കാർ ഒാഫിസുകൾ 50 ശതമാനത്തിലേറെ ഹാജർ നിലയിൽ പ്രവർത്തിക്കുന്നതും ഇൗ ഘട്ടത്തിലാണ്. ആഗസ്റ്റ് 23 മുതൽ ആരംഭിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. വാക്സിൻ എത്തുകയോ കോവിഡ് പൂർണമായി നിയന്ത്രണ വിധേയമാവുകയോ ചെയ്യാതെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് മന്ത്രിസഭ തീരുമാനം. ഇതോടെ നിയന്ത്രണം നീക്കുന്നത് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിയന്ത്രണം ലഘൂകരിച്ചതിന് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ വർധിച്ചുവന്നതാണ് സർക്കാറിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്.
അഞ്ചാംഘട്ടത്തിൽ ഉൾപ്പെടുത്തിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി ജീവനക്കാരുടെ തൊഴിൽ അനിശ്ചിതത്വത്തിലാണ്. പലരും ഇതിനകം നാട്ടിൽ പോയിട്ടുണ്ട്. വൈകാതെ നിയന്ത്രണം നീക്കുമെന്ന പ്രതീക്ഷയിൽ ഇവിടെ തുടർന്നവരെ നിരാശയിലാക്കുന്നതാണ് പുതിയ അറിയിപ്പ്. രാജ്യത്ത് കോവിഡ് വാക്സിൻ ഡിസംബർ അവസാനമോ ജനുവരി ആദ്യമോ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ ബാച്ച് ആയി 10 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുക. ഇത് സ്വദേശികൾക്കാണ് വിതരണം ചെയ്യുക. ഒരാൾക്ക് രണ്ട് ഡോസ് വീതം നൽകും. പിന്നീട് ആരോഗ്യ ജീവനക്കാർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർ, പ്രായമേറിയവർ, പഴക്കംചെന്ന രോഗങ്ങൾ ഉള്ളവർ എന്നിവരെ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.