കുവൈത്തിൽ കുടുംബ വിസ പുതുക്കുക ഒരുവർഷത്തേക്ക് മാത്രം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ വിസ ഒരുവർഷത്തേക്ക് മാത്രം പുതുക്കിനൽകിയാൽ മതിയെന്ന് തീരുമാനം. കുവൈത്തികളുടെ വിദേശി ഭാര്യമാർ, കുവൈത്തി സ്ത്രീകളുടെ വിദേശികളിലുള്ള മക്കൾ തുടങ്ങിയവർക്ക് അടക്കം ഇത് ബാധകമാണ്. നിലവിൽ രാജ്യത്തിന് പുറത്തുകഴിയുന്നവർക്ക് സ്പോൺസർ മുഖേന വിസ പുതുക്കാൻ അനുമതിയുണ്ട്. ഇത് പ്രയോജനപ്പെടുത്തുേമ്പാൾ ഒരുവർഷത്തേക്ക് മാത്രമാണ് പുതുക്കാൻ കഴിയുക.
ഒന്നിൽ കൂടുതൽ വർഷത്തേക്ക് പുതുക്കുകയും കുവൈത്തിലേക്ക് വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ആറുമാസത്തിലധികം രാജ്യത്തിന് പുറത്തായാൽ ഇഖാമ റദ്ദാവുന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അവധിക്ക് പോയി ആറുമാസത്തിലധികം നാട്ടിൽനിന്നവർക്കും പ്രയാസമില്ലാതെ കുവൈത്തിലേക്ക് വരാൻ കഴിയുന്നുണ്ട്. നേരിട്ട് വരുന്നതിന് വിലക്കുള്ള 34 രാജ്യങ്ങളിലുള്ളവർ വിലക്കില്ലാത്ത രാജ്യത്ത് രണ്ടാഴ്ച താമസിക്കണമെന്ന നിബന്ധന മാത്രമാണ് തടസ്സം. സ്വകാര്യ തൊഴിൽവിസയിലുള്ളവർക്ക് രണ്ടുവർഷത്തെ വർക്ക് പെർമിറ്റ് ബാക്കിയുണ്ടെങ്കിൽ വിസ രണ്ടുവർഷത്തേക്ക് പുതുക്കാവുന്നതാണ്.
കുടുംബ വിസ തൊഴിൽവിസയിലേക്ക് മാറ്റാൻ അനുമതിക്ക് നീക്കം
കുവൈത്ത് സിറ്റി: കുടുംബവിസ തൊഴിൽവിസയിലേക്ക് മാറ്റാൻ അനുമതി നൽകുന്നത് മാൻപവർ അതോറിറ്റി പരിഗണിക്കുന്നു. രണ്ടുമാസത്തെ ഇടവേളക്കുശേഷമാണ് പ്രവാസികൾക്ക് ആശ്വാസമാവുന്ന നീക്കം. വിസ മാറ്റത്തിന് അതോറിറ്റിയിലെ എംപ്ലോയ്മെൻറ് കാര്യ അണ്ടർ സെക്രട്ടറിയുടെ അനുമതി വേണം. കുടുംബ വിസയിൽ ചുരുങ്ങിയത് ആറുമാസം പൂർത്തിയാക്കുകയെന്ന നിബന്ധനയോടെ വിസ മാറ്റം അനുവദിക്കാനാണ് ആലോചന. കുടുംബ വിസയിൽ ആറുമാസം താമസം പൂർത്തിയാക്കിട്ടില്ലെങ്കിൽ 300 ദീനാർ അധിക ഫീസ് ചുമത്തുവാനും ആലോചനയുണ്ടെന്ന് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് വിസ മാറ്റം പുനരാരംഭിക്കാൻ അധികൃതർ ആലോചിക്കുന്നത്. കുടുംബ വിസയിൽ കഴിയുന്ന നിരവധി പേർ പ്രത്യേകിച്ച് സ്ത്രീകൾ, തൊഴിൽ വിസയിലേക്ക് മാറുന്നതിനുള്ള അവസരം കാത്തുകഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.