വാടക നൽകാത്തതിന് ഇറക്കിവിട്ട 125 കേസുകൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ നാലുമാസത്തിനിടെ വാടക നൽകാൻ കഴിയാത്തതിെൻറ പേരിൽ താമസക്കാരെ ഇറക്കിവിട്ട 125 കേസുകൾ. റെൻറൽ ഡിപ്പാർട്ട്മെൻറ് കോടതിയുടെ മുമ്പാകെ 416 കേസുകളാണ് കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം വന്നത്. ഒാൺലൈനിൽ മുൻകൂട്ടി അപ്പോയിൻറ്മെൻറ് നൽകിയാണ് കേസുകൾ പരിഗണിക്കുന്നത്. ജീവനക്കാരുടെ ക്ഷാമം കാരണം പരിമിതമായി മാത്രമാണ് അപ്പോയിൻറ്മെൻറ് നൽകുന്നത്. അതിനിടെ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നീക്കി കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ആരംഭിച്ചപ്പോൾ തന്നെ റിയൽ എസ്റ്റേറ്റ് കമ്പനികൾ വാടക വിഷയത്തിൽ നിലപാട് കടുപ്പിച്ച് തുടങ്ങി. എത്രയും വേഗം വാടക അടച്ചുതീർത്തില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് ഭീഷണി.
മാസങ്ങളായി ജോലിയും വരുമാനവും ഇല്ലാതിരുന്ന നിരവധി പേർ വാടക നൽകാൻ പണമില്ലാതെ പ്രയാസപ്പെടുന്നുണ്ട്. ലോക്ക് ഡൗൺ നീക്കി ഇൗ മാസമാണ് ധാരാളം പേർ ജോലിക്ക് പോയിത്തുടങ്ങിയത്. അവർക്ക് ശമ്പളം ലഭിച്ചിട്ടില്ല. 30 ശതമാനം ശേഷിയിൽ മാത്രമാണ് സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുള്ളത്. മുൻമാസങ്ങളിലെ വാടക കുടിശ്ശിക കൂടി ഒാൺലൈനായോ കമ്പനിയിൽ നേരിേട്ടാ അടക്കാൻ ആവശ്യപ്പെട്ടാണ് റിയൽ എസ്റ്റേ് കമ്പനികളുടെ കത്ത് ലഭിച്ചിട്ടുള്ളത്. അതേസമയം, മുൻമാസങ്ങളിലെ വാടക ഒഴിവാക്കി നൽകിയവരുമുണ്ട്. അതേസമയം, ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉൾപ്പെടെ ചെലവുകൾ കണ്ടെത്താൻ കമ്പനികളും പ്രയാസപ്പെടുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിൽ 10 മുതൽ 40 ശതമാനം വരെ മാത്രമേ വാടക പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. കൊമേഴ്സ്യൽ വിമാന സർവീസുകൾ ആരംഭിച്ചുകഴിഞ്ഞാൽ വിദേശികൾ വാടക നൽകാതെ കടന്നുകളയുമോ എന്ന ആശങ്ക റിയൽ എസ്റ്റേറ്റ് കമ്പനികൾക്കുണ്ട്. സ്വകാര്യ കമ്പനികളിൽ ആളുകളെ പിരിച്ചുവിടുന്നതാണ് ഇൗ ആശങ്കക്ക് അടിസ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.