വിദേശികളുടെ റെസിഡൻസി: പുതിയ കരട് നിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ഉൾക്കൊള്ളിച്ച പുതിയ പ്രവാസി റെസിഡന്‍സി കരട് നിർദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം. ചൊവ്വാഴ്ച ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. രാജ്യത്ത് പ്രവാസികളുടെ താമസം സംബന്ധിച്ചതാണ് നിര്‍ദേശങ്ങള്‍.
റെസിഡൻസിയിലെ വ്യാപാരം നിരോധിക്കുക, വിദേശികളെ നാടുകടത്തുന്നതിനും പുറത്താക്കുന്നതിനുമുള്ള നിയമങ്ങൾ നിർണയിക്കുക, വിദേശികളുടെ താമസ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷകൾ ചുമത്തുക എന്നിവയാണ് കരട് നിര്‍ദേശത്തിലുള്ളത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരം കൃത്യങ്ങളിൽ നടപടി ശക്തമാക്കും. കരട് നിയമത്തിൽ 36 ആർട്ടിക്കിളുകൾ അടങ്ങിയിട്ടുണ്ട്.
റെസിഡൻസി വ്യാപാര നിരോധനമാണ് ഇതിൽ പ്രധാനപ്പെട്ടത്. എൻട്രി വിസ നൽകൽ, റെസിഡൻസി പെർമിറ്റ് പുതുക്കൽ എന്നിവക്ക് പണം വാങ്ങിയുള്ള വിൽപന കടുത്ത ലംഘനമായി കണക്കാക്കും. സ്പോൺസർമാർ വിദേശികളുടെ എൻട്രി വിസയുടെ സ്റ്റാറ്റസ് ആഭ്യന്തര മന്ത്രാലയത്തിൽ അറിയിക്കുകയും വേണം.
ഞായറാഴ്ച കുവൈത്തിലെത്തിയ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാന്റെ സന്ദർശനത്തെ സ്വാഗതം ചെയ്ത മന്ത്രിസഭ സന്ദർശനത്തിന്റെ ഫലങ്ങൾ അവലോകനം ചെയ്തു. ചില വ്യക്തികൾ വ്യാജരേഖ ചമച്ച് നേടിയ കുവൈത്ത് പൗരത്വം പിൻവലിച്ച കേസുകൾ ഉൾപ്പെടുന്ന കുവൈത്ത് പൗരത്വ അന്വേഷണത്തിനുള്ള സുപ്രീം കമ്മിറ്റിയുടെ മിനിറ്റ്സിനും മന്ത്രിസഭ അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.