വ്യാജ കമ്പനികളുടെ പേരിൽ റെസിഡൻസി കച്ചവടം; തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വ്യാജ കമ്പനികളുടെ പേരിൽ െറസിഡൻസി കച്ചവടത്തിൽ ഏർപ്പെട്ട സംഘം പിടിയിൽ. രണ്ട് അറബ് പൗരന്മാരും നിരവധി കമ്പനികളും ചേർന്നുള്ള റെസിഡൻസി ബ്രോക്കർമാരുടെ സംഘത്തെയാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റസിഡൻസി ബ്രോക്കർമാരെ തുരത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശ പ്രകാരമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒരു തൊഴിലാളിക്ക് 700 മുതൽ 1000 ദീനാർ വരെയുള്ള തുകക്കാണ് പേര് വെളിപ്പെടുത്താത്ത ഒരു കമ്പനിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്നത്. പ്രതികൾക്കെതിരെ കർശന വകുപ്പുകൾ ചുമത്തി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. രാജ്യത്ത് അനധികൃത താമസക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിൽ നിരവധി പേരാണ് പിടിയിലായത്. ഇതിനിടയിൽ വ്യാജ കമ്പനികളുടെ പേരിൽ െറസിഡൻസി കച്ചവടം നടത്തുന്നത് ഗൗരവമായാണ് അധികൃതർ കാണുന്നത്.
ചൊവ്വാഴ്ച ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ പരിശോധനയിലും ഇത്തരം സംഘത്തെ പിടികൂടിയിരുന്നു. സിറിയ, ഈജിപ്ത്, ഇന്ത്യ പൗരത്വമുള്ളവരാണ് പിടിയിലായത്. വ്യാജ ഔദ്യോഗിക രേഖകൾ ചമച്ച് പണം വാങ്ങി റെസിഡൻസി നേടാൻ സൗകര്യമൊരുക്കലായിരുന്നു സംഘത്തിന്റെ ജോലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.