കുവൈത്തിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള പ്രതിദിന വിമാന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി വ്യോമയാന മന്ത്രാലയം. ഗാർഹികത്തൊഴിലാളികളെയും ട്രാൻസിറ്റ് യാത്രക്കാരെയും കൂടാതെ ഒരുദിവസം പരമാവധി 1000 പേർക്ക് മാത്രം അനുമതി നൽകാനാണ് വ്യോമയാന വകുപ്പിെൻറ തീരുമാനം.
ജനുവരി 24 മുതൽ ഫെബ്രുവരി ആറുവരെയാണ് നിയന്ത്രണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലമായ കോവിഡ് പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് വരെയാണ് നിയന്ത്രണം. ഇതുസംബന്ധിച്ച് എല്ലാ വിമാനക്കമ്പനികൾക്കും നിർദേശം നൽകിയതായി എയർ ട്രാൻസ്പോർട്ട് വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ റജ്ഹി അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് കുവൈത്ത് ജാഗ്രത കനപ്പിച്ചത്. കഴിഞ്ഞ ദിവസം ബ്രിട്ടനിൽനിന്ന് വന്ന രണ്ട് കുവൈത്തി വനിതകൾക്കും ജനിതക മാറ്റം സംഭവിച്ച കൊറോണ കണ്ടെത്തിയിരുന്നു.
വ്യാപന ശേഷി കൂടുതലുള്ള പുതിയ വൈറസ് രാജ്യത്ത് എത്താതിരിക്കാൻ കുവൈത്ത് പരമാവധി സൂക്ഷ്മത പുലർത്തുന്നുണ്ട്. വിമാനത്താവളം വഴിയും കര അതിർത്തി വഴിയും രാജ്യത്തെത്തുന്ന മുഴുവൻ പേർക്കും സൗജന്യമായി പി.സി.ആർ പരിശോധന നടത്തുന്നു.
കുവൈത്തിലെത്തുന്നവർ ക്വാറൻറീൻ വ്യവസ്ഥ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. പെെട്ടന്ന് യാത്രക്കാരുടെ എണ്ണം കുറച്ചത് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. വിമാന ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.