ചൂടിനൊപ്പം ഉയരുന്നു; വൈദ്യുതി ഉപയോഗവും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നതിനൊപ്പം വൈദ്യുതി ഉപയോഗവും കുതിക്കുന്നു. കനത്ത ചൂടിൽനിന്ന് രക്ഷപ്പെടാൻ എയർകണ്ടീഷണറുകൾ കൂടുതലായി പ്രവർത്തിപ്പിക്കുന്നതാണ് ഉപഭോഗം ഉയരാൻ കാരണം.
ചൊവ്വാഴ്ച അബ്ദലിയിൽ 51 ഡിഗ്രി സെൽഷ്യസും കുവൈത്ത് എയർപേർട്ടിലും ജഹ്റയിലും 50 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. അടുത്ത നാലുദിവസങ്ങളിലും ഉയർന്ന ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ, ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. ചൊവ്വാഴ്ച 16,180 മെഗാവാട്ടാണ് ഉപഭോഗ സൂചികയിൽ രേഖപ്പെടുത്തിയത്. രാജ്യചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 15900 മെഗാവാട്ട് വൈദ്യുതി ഞായറാഴ്ച കുവൈത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നു. ഇതായിരുന്നു ഈ വർഷം ഇതുവരെയുള്ള ഉയർന്ന ഉപഭോഗം. താപനില ഉയർന്ന അളവ് രേഖപ്പെടുത്തിയ ദിവസമായിരുന്നു ഞായറാഴ്ച.
കഴിഞ്ഞ വർഷം വേനലിൽ 15,670 ആയിരുന്നു പരമാവധി ഉപഭോഗം. വേനലിൽ 15,500 മെഗാവാട്ട് വരെ ഉപഭോഗം വർധിക്കുമെന്ന് ജല-വൈദ്യുതി മന്ത്രാലയം കണക്കാക്കിയിരുന്നെങ്കിലും നിഗമനങ്ങൾ തെറ്റുകയാണ്. രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന ആഗസ്റ്റ് മുതൽ സെപ്റ്റംബർ അവസാനംവരെ വൈദ്യുതിയുടെ ഉയർന്ന ഉപഭോഗം രേഖപ്പെടുത്താറുണ്ട്.
കനത്ത ചൂടിൽ എയർകണ്ടീഷണറുകൾ കൂടുതലായി പ്രവർത്തിപ്പിക്കുന്നതാണ് ഉപഭോഗം ഉയരാൻ കാരണം. ഊർജം സംരക്ഷിക്കുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം ആവശ്യമായ നടപടികൾ കൈക്കൊണ്ടതായി അധികൃതർ അറിയിച്ചു.
ഇന്ധനത്തിന്റെ ലഭ്യതയും താപനിലയും അനുസരിച്ച് 1500 മുതൽ 2000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കരുതൽ രാജ്യത്തുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു.
മുൻകരുതൽ വേണം
കുവൈത്ത് സിറ്റി: രാജ്യത്ത് അനുഭവപ്പെടുന്ന പ്രത്യേക കാലാവസ്ഥയെ പ്രതിരോധിക്കാൻ മുൻകരുതൽ നടപടി സ്വീകരിക്കാൻ ജനങ്ങളോട് കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്) മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂടിനൊപ്പം രാജ്യത്ത് പൊടിക്കാറ്റും അനുഭവപ്പെടുന്നുണ്ട്. അപകടകരമായ സ്ഥിതിയിലാണെങ്കിൽ 112 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാമെന്നും കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.