റോഡ് സുരക്ഷ നിയമങ്ങൾ കർശനമാക്കും; പൊതുറോഡുകളിൽ എ.ഐ കാമറകൾ വരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിനുമായി വിപുലമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കാമറകൾ വിന്യസിക്കുന്നു. പൊതുറോഡുകളിൽ ഏകദേശം 252 എ.ഐ കാമറകൾ സ്ഥാപിക്കുമെന്ന് ട്രാഫിക് ബോധവത്കരണ വകുപ്പ് അസി. ഡയറക്ടർ കേണൽ അബ്ദുല്ല ബു ഹസ്സൻ അൽ അഖ്ബർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാഹനത്തിലുള്ളവർ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താനും റെക്കോഡ് ചെയ്യാനും പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ളതാണ് കാമറകൾ. വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കുന്ന കുട്ടിക്കുള്ള പിഴ അഞ്ച് ദീനാറിൽനിന്ന് 50 ദീനാറായി ഉയർത്തുമെന്ന് കേണൽ അബ്ദുല്ല ബു ഹസ്സൻ സൂചിപ്പിച്ചു. രാജ്യത്ത് പോയന്റ് ടു പോയന്റ് കാമറകൾ ഉപയോഗിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
രണ്ട് നിശ്ചിത പോയന്റുകൾക്കിടയിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ശരാശരി വേഗം കണക്കാക്കുന്നതാണ് പോയന്റ് ടു പോയന്റ് കാമറകൾ. കാമറ ലൊക്കേഷനുകൾക്ക് സമീപം വേഗം കുറച്ചാലും വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാരെ തിരിച്ചറിയാനും പിഴ ചുമത്താനും ഇത്തരം കാമറകൾ സഹായിക്കും.
അപകടകരമായ ഡ്രൈവിങ് കുറക്കുന്നതിനും മൊത്തത്തിലുള്ള റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ. ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതിലും റോഡ് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിലും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ വിപുല സംരംഭത്തിന്റെ ഭാഗമാണ് ഇവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.