സ്ത്രീ പ്രവേശനത്തിൽ ഉത്തരമില്ല; വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ബി.ജെ.പി വക്താവ് ഇറങ്ങിപ്പോയി
text_fieldsഫർവാനിയ (കുവൈറ്റ് സിറ്റി): ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതയായ ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി എം.പി വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. കുവൈത്തിൽ ബി.ജെ.പി പോഷക സംഘടനയായ ഭാരതീയ പ്രവാസി പരിഷത്ത് വാർഷിക പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ നടത്തിയ ചേർത്ത വാർത്താസമ്മേളനത്തിനിടെയാണ് സംഭവം അരങ്ങേറിയത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വനിതാ നേതാവ് എന്ന നിലയിലുള്ള അഭിപ്രായമെന്തെന്ന ചോദ്യത്തിന് സുപ്രീംകോടതി ജഡ്ജി ഇന്ദു മൽഹോത്രയുടെ നിലപാടാണുള്ളതെന്നാണ് മീനാക്ഷി ലേഖി മറുപടി നൽകിയത്. ബി.ജെ.പി വക്താവ് എന്ന നിലയിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാട് എന്താണെന്ന ചോദ്യമാണ് മീനാക്ഷി ലേഖിയെ ചൊടിപ്പിച്ചത്. ഇതേതുടർന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും കർണാടക എം.എൽ.എ വേദവ്യാസ കമ്മത്തും ഉള്ളപ്പോഴാണ് ലേഖി ഇറങ്ങിപ്പോയത്. വാർത്താസമ്മേളനം അവസാനിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലെന്ന മറുപടിയുമായി ശ്രീധരൻ പിള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികളുടെ വികാരങ്ങൾക്കൊപ്പം നിന്ന് ജീവന്മരണ പോരാട്ടം നടത്തുമെന്ന് പി.എസ്. ശ്രീധരൻ പിള്ള വ്യക്തമാക്കി. നിരീശ്വരവാദ ആശയങ്ങളിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് സർക്കാർ ശബരിമലയെ തകർക്കാനാണ് ശ്രമിക്കുന്നത്. 50 വർഷം മുമ്പ് എ.കെ.ജി ശ്രമിച്ചിട്ട് നടക്കാതെ പോയ കാര്യങ്ങളാണ് ഇപ്പോൾ പിണറായി വിജയൻ അധികാരശക്തി ഉപയോഗിച്ച് ശ്രമിക്കുന്നത്. അതിനെതിരെ വിശ്വാസികൾ സമരരംഗത്ത് ഇറങ്ങിക്കഴിഞ്ഞു.
ആരും ആവശ്യപ്പെടാതെയാണ് ആയിരക്കണക്കിന് സ്ത്രീകൾ സമരരംഗത്തെത്തിയത്. വിഷയത്തിൽ ബി.ജെ.പിയിൽ ആശയക്കുഴപ്പമില്ല. എല്ലാ വിഷയങ്ങളിലുമെന്ന പോലെ വ്യത്യസ്ത അഭിപ്രായങ്ങൾ വെച്ചുപുലർത്താനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഹിന്ദു സംഘടന നേതാക്കളുമായി താൻ കഴിഞ്ഞദിവസം സംസാരിച്ചു. അവർ നൽകുന്ന റിവ്യൂ പെറ്റീഷനെ പിന്തുണക്കുമെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.