ബലിപെരുന്നാൾ: കുവൈത്തിൽ ആടുവില ഉയരുന്നു
text_fieldsകുവൈത്ത് സിറ്റി: ബലിപെരുന്നാൾ അടുത്തതോടെ കുവൈത്തിൽ ആടുകളുടെ വില വര്‍ധിച്ചു. നിലവിൽ അൽ നഈമി ഇനത്തിൽപെട്ട ഒരു വലിയ സ്വദേശി ആടിന് 150 ദീനാർ ആണ് വില. ഇറാനിയന്‍ ശഫാലി ആടുകള്‍ക്ക് 100 ദീനാറിലെത്തി.
ജോർഡൻ നഈമിക്ക് സ്വന്തമാക്കണമെങ്കിൽ 110 ദീനാറിന് മുകളിൽ നൽകണം. അതേസമയം, ആസ്ട്രേലിയൻ ആടുകൾക്ക് താരതമ്യേന വില കുറവാണ്. ശഫാലി ആടുകൾക്കാണ് ഡിമാൻഡ് കൂടുതൽ. വർധിച്ച ആവശ്യത്തിനൊത്ത് രാജ്യത്ത് അറവ് ആടുകളുടെ വില കുതിച്ചുയരുകയാണ്.
അടുത്തയാഴ്ച മുതൽ വീണ്ടും വില വർധിക്കുമെന്നാണ് വിലയിരുത്തൽ. പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് സ്വന്തമാക്കുകയെന്ന പതിവാണ് സ്വദേശികളും വിദേശികളുമുൾപ്പെടെ ബലിദായകർ പുലർത്താറുള്ളത്. ഇൗ ഘട്ടത്തിൽ പൊള്ളുന്ന വില കൊടുക്കേണ്ടിവരും. ബലിമൃഗങ്ങളെ നേരത്തെ വാങ്ങിയാൽ പെരുന്നാൾ ദിനംവരെ അവയെ പോറ്റി പരിപാലിക്കുക പ്രയാസമായിരിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.കോവിഡ് പശ്ചാത്തലത്തിൽ ഒത്തുകൂടലുകൾക്കും ചടങ്ങുകൾക്കും വിലക്കുള്ളതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡിമാൻഡ് കുറവുണ്ട്. എന്നാലും വില കഴിഞ്ഞവർഷത്തേക്കാൾ കൂടുതലാണ്.
രാജ്യത്തെ ആടുകളുടെ എണ്ണത്തില്‍ കുറവുണ്ടായതും കന്നുകാലി വളര്‍ത്തലിന് വേണ്ടത്ര പിന്തുണ നല്‍കാത്തതും വിലവര്‍ധനക്ക് കാരണമായതായി ഈ മേഖലയിലുള്ളവര്‍ പറയുന്നു. വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത് സ്റ്റോക്ക് വർധിപ്പിക്കാൻ പദ്ധതിയുള്ളതായി കന്നുകാലി വാണിജ്യ കമ്പനി അധികൃതർ വ്യക്തമാക്കുന്നു. ആവശ്യം മുൻകൂട്ടി കണ്ട് സിറിയയില്‍നിന്നും ജോര്‍ഡനില്‍നിന്നും ആടുകള്‍ രാജ്യത്തിലേക്ക് ഇറക്കുമതി ചെയ്യുമെങ്കിലും പ്രദേശിക ആടുകളുടെ വില കുറയാന്‍ സാധ്യതയില്ലെന്നാണ് ഇൗ മേഖലയിലുള്ളവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.