Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാർസലായി എത്തുന്ന...

പാർസലായി എത്തുന്ന സദ്യ, വാട്സ്ആപ് ആഘോഷം

text_fields
bookmark_border
shreejith valanchery
cancel
camera_alt

ശ്രീജിത്ത് വളാഞ്ചേരി

ഓണക്കാലത്തിന്റെ പടിവാതിൽക്കൽ നിൽക്കെ, കഴിഞ്ഞ ഓണത്തെക്കുറിച്ച് ഓർക്കുന്നത് രസകരമാണ്. അതായത്, കോവിഡ് മഹാമാരിയുടെ നിഴലിലുള്ള ഒരോണക്കാലം. അന്ന് രാവിലെ എഴുന്നേറ്റ് പതിവുപോലെ മൊബൈൽ എടുത്തു. വാട്സ്ആപ് നോക്കിയപ്പോൾ ഒരുപാട് പുതിയ മെസേജുകൾ. ഏറ്റവും മുകളിലത്തെ തുറന്നുനോക്കി. ഓണാശംസകൾ അറിയിച്ചുകൊണ്ടുള്ളതായിരുന്നു അത്‌.

പിറകെ പിറകെ ഓരോന്നായി തുറന്നുനോക്കി. ഏതൊക്കെയോ കലാകാരന്മാർ എവിടെയൊക്കെയോ ഇരുന്ന് തയാറാക്കിയ ഓണാശംസകളുടെ വ്യത്യസ്ത തരം ഫോർവേഡഡ് ചിത്രങ്ങളും വിഡിയോകളും ആയിരുന്നു എല്ലാം. ആത്മാർഥത തീരെ കുറവായ ഇത്തരം സന്ദേശങ്ങളിൽ താൽപര്യം ഇല്ലാത്തതിനാൽ തുടർന്നു വായിക്കാനോ മറുപടി അയക്കാനോ പോയില്ല. കൂടെ ജോലി ചെയ്യുന്ന ജോർഡാനിയുടെ വകയും ഉണ്ടായിരുന്നു ഒന്ന്. അദ്ദേഹം എവിടന്നോ ഒരു മലയാളം ആശംസ തരപ്പെടുത്തി അയച്ചിട്ടുണ്ട്.


ഹാമാരിക്കാലമായതിനാൽ കൂടിച്ചേരലുകൾ അനുവദനീയമല്ലായിരുന്നു. പ്രവാസത്തിൽ സാധാരണയായി ഓണദിനത്തിൽ ജോലിത്തിരക്കുമൂലം ആഘോഷങ്ങൾ തൊട്ടടുത്ത ഒഴിവുദിസങ്ങളിലേക്ക് മാറ്റിവെക്കപ്പെടാറാണ് പതിവ്. അന്ന് അതിനും സാധ്യതയില്ലായിരുന്നു. അതിനാൽ എന്നെത്തേയുംപോലെ ഒരു ദിവസം എന്നതിലുപരി ഒരു പ്രത്യേകതയും തോന്നിയില്ല.

അങ്ങനെയിരിക്കെ, വീട്ടിൽനിന്ന് വിഡിയോ കാൾ എത്തി. എടുത്തപ്പോൾ മറുതലക്കൽ ഓണസദ്യ വിളമ്പിയിരിക്കുന്നു. സാധാരണയായി കാണാറുള്ള പകിട്ടില്ലെങ്കിലും പെട്ടെന്ന് എന്നിലെ ഗൃഹാതുരത്വം തലപൊക്കി. ഒരിലയിട്ട് അവരുടെ കൂടെയിരിക്കാൻ മനസ്സ് കൊതിച്ചു. ഒന്നു സംസാരിച്ചു എന്ന് വരുത്തി ഫോൺ വെച്ചു. ഓർമകൾ പിറകിലേക്ക് പാഞ്ഞു.

പണ്ട് ഓണക്കോടി തയ്പ്പിക്കാൻ അച്ഛനെടുത്തുതന്ന പോളിസ്റ്റർ തുണിയുടെ മിനുസം, അടുക്കള കോലായിൽ പഴുക്കാൻ ചാക്കുമൂടിവെച്ച വാഴക്കുല, ചാണകം മെഴുകിയ മുറ്റത്ത് തൊടിയിലെ പൂക്കൾകൊണ്ട് തീർത്ത കുഞ്ഞുപൂക്കളം, ചിങ്ങത്തിലെ ചാറ്റൽമഴ, മണ്ണുകൊണ്ട് ഉണ്ടാക്കി ഓണത്തിന് പൂജിക്കുന്ന തൃക്കാക്കരയപ്പൻ എന്ന സങ്കൽപം, ഓണം അവധിക്ക് വിരുന്നുവന്നിരുന്ന ബന്ധുവീട്ടിലെ സമപ്രായക്കാർ അങ്ങനെയങ്ങനെ ഓണത്തിന് ടി.വിയിൽ വരുന്ന ചലച്ചിത്രങ്ങളിലെ സീനുകൾപോലെ ഓരോന്നും മനസ്സിൽ മിന്നിമാഞ്ഞു.

ഓർമകളിലെ ഓണങ്ങളെല്ലാം ഒരു പൂക്കളംപോലെ നിറമാർന്നതായിരുന്നു. അതങ്ങനെയാക്കിത്തീർക്കാൻ അച്ഛനും അമ്മയും ശ്രദ്ധിച്ചിരുന്നു, പരിശ്രമിച്ചിരുന്നു. അമ്മയുണ്ടാക്കുന്ന ഓണസദ്യ വിഭവങ്ങൾകൊണ്ടും സ്വാദുകൊണ്ടും സമൃദ്ധമായിരുന്നു. സദ്യവട്ടങ്ങൾ തലേന്നുതൊട്ടേ ഉണ്ടാക്കിത്തുടങ്ങും.

അച്ചാർ, ഇഞ്ചിപ്പുളി എല്ലാം കുറച്ചു ദിവസങ്ങൾക്കു മുമ്പേ തയാറാക്കും. തിരുവോണദിനത്തിന് ഉച്ചക്കു കുടുംബസുഹൃത്തുക്കൾ സദ്യ കഴിക്കാനെത്തും. അവരുടെ കൂടെ ഞങ്ങളും കഴിക്കും. ഉച്ചക്കു മിക്കവാറും അടുത്ത കുടുംബവീടുകളിൽ പോകും.

ഓണാവധിക്കു മുമ്പുതന്നെ വിദ്യാലയങ്ങളിൽ ഓണാഘോഷപരിപാടികൾ നടത്തിയിട്ടുണ്ടാകും. പൂക്കളമത്സരം, വടംവലി, ഉറിയടി എന്നിങ്ങനെ വീറും വാശിയുമുള്ള മത്സരയിനങ്ങൾ കുട്ടികൾക്കിടയിൽ ഒരുമയും സാഹോദര്യവും വളർത്തിയിരുന്നു.

ഓണസദ്യ ഓർഡർ ചെയ്യട്ടെ? പത്തനംതിട്ടക്കാരനായ സഹമുറിയന്റെ ചോദ്യം. വില കഴുത്തറുപ്പനാണെങ്കിലും ഓണമല്ലേ, രണ്ടു സദ്യ ഞങ്ങളും ഓർഡർ ചെയ്‌തു. കൃത്യസമയത്തു സാധനം വന്നു. കാതങ്ങൾ താണ്ടി വിമാനത്തിൽ വന്നതുകൊണ്ടാണെന്നു തോന്നുന്നു വാഴയില വല്ലാതെ ക്ഷീണിച്ചിരുന്നു.

വളരെ ശ്രദ്ധയോടെ വാഴയില നിലത്തുവിരിച്ചു, പ്ലാസ്റ്റിക് പാത്രങ്ങളിലുള്ള കറികൾ ഓരോന്നായി ഇലയിലേക്ക് ഒഴിച്ചു. കഴിക്കാൻ തുടങ്ങുന്നതിനുമുമ്പ് സുഹൃത്ത് പറഞ്ഞു-ഫോട്ടോ എടുക്കണം. എടുത്തു!

രുചിക്കൂട്ടുകളെല്ലാം കൃത്യമായിരുന്നെങ്കിലും എന്തിന്റെയോ ഒരു കുറവ് എനിക്ക് അനുഭവപ്പെട്ടു. ഒരുപക്ഷേ ചിങ്ങത്തിലെ ആ ചാറ്റൽമഴയുടെ, ആ നനുത്ത തലോടലിന്റെ കുറവാകാം. ഇല മടക്കിയപ്പോഴേക്കും കൂട്ടുകാരന്റെ വാട്സ്ആപ്പിൽ സദ്യയുടെ സ്റ്റാറ്റസ്. അടിക്കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു. ഹാപ്പി ഓണം!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamkuwait newskuwait
News Summary - Sadya and WhatsApp celebration arriving as a parcel
Next Story