സാഫ് കപ്പ് ഫുട്ബാൾ; കിരീടമോഹത്തിൽ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കിരീടം ലക്ഷ്യമിട്ട് സൗത്ത് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) കപ്പിൽ ചൊവ്വാഴ്ച കുവൈത്ത് ഫൈനൽ മത്സരത്തിനിറങ്ങുന്നു. ബംഗളുരു കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഇന്ത്യയാണ് എതിരാളികൾ. കുവൈത്ത് സമയം വൈകീട്ട് അഞ്ചിനാണ് മത്സരം. ശക്തരായ ഇന്ത്യയെ അവസാന ഗ്രൂപ് മത്സരത്തിൽ 1-1ന് സമനിലയിൽ തളക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കുവൈത്ത്. എന്നാൽ സ്വന്തം നാട്ടിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യ കൂടുതൽ കരുത്തുകാട്ടിയാൽ കുവൈത്തിന് ഫൈനൽ എളുപ്പമാകില്ല.
ചാമ്പ്യൻഷിപ് എട്ടു തവണ കിരീടം ചൂടിയതിന്റെയും 14 തവണ ഫൈനലിൽ പ്രവേശിച്ചതിന്റെയും ചരിത്രം ഇന്ത്യക്കുണ്ട്. നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവക്കെതിരായ വിജയങ്ങളും ഇന്ത്യക്കെതിരായ സമനിലയുമായി തോൽവി അറിയാതെയാണ് കുവൈത്തിന്റെ ഫൈനൽ പ്രവേശനം. ഇത് കുവൈത്ത് ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. അവസാന മത്സരത്തിലും വിജയം കൈവരിച്ച് കപ്പ് സ്വന്തമാക്കുകയാണ് ഉന്നം. സാഫ് കപ്പിൽ മുത്തമിട്ട് അറബ് മേഖലയിൽ തങ്ങളുടെ പ്രതാപം തിരിച്ചുപിടിക്കലും കുവൈത്തിന്റെ ലക്ഷ്യമാണ്.
കുവൈത്ത് കളിക്കാരിലും മികച്ച പ്രകടനം നടത്താനുള്ള അവരുടെ കഴിവിലും ആത്മവിശ്വാസമുണ്ടെന്നും അവസാനം വരെ അവർ വിജയകരമായി യാത്ര തുടരുമെന്നതിൽ സംശയമില്ലെന്നും കുവൈത്ത് പരിശീലകൻ റോയ് പിന്റോ പറഞ്ഞു. അതേസമയം, കിരീടം നേടണമെങ്കിൽ അവസാനംവരെ പോരാടുകയും ഉയർന്ന ഏകാഗ്രതയും മികച്ച കളിയും പുറത്തെടുക്കുകയും ചെയ്യേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോളുകൾ നേടുന്നതിന്റെ അഭാവം ഞങ്ങൾ അനുഭവിക്കുന്നില്ല, പക്ഷേ ഉച്ചകഴിഞ്ഞ് മൂന്നിന് മത്സരങ്ങൾക്കിറങ്ങിയത് കഴിഞ്ഞ കളികളെ ബാധിച്ചിരുന്നു. ആവശ്യമായ പ്രകടനം പുറത്തെടുക്കുന്നതിൽ ഇത് തടസ്സമായതായും റോയ് പിന്റോ പറഞ്ഞു. വർഷങ്ങൾക്കു ശേഷമുള്ള ആദ്യ ഫൈനൽ മത്സരമെന്ന നിലയിൽ മത്സരത്തിന്റെ പ്രാധാന്യം എല്ലാ കളിക്കാരും മനസ്സിലാക്കുന്നതായും വിജയംവരെ പോരാടുമെന്നും കുവൈത്ത് ഗോൾ കീപ്പർ ബാദർ അൽ സനൂൻ വ്യക്തമാക്കി. കിരീടം നേടാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും ബാദർ അൽ സനൂൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.