സാഫ് കപ്പ്: കുവൈത്ത് ഫൈനലിൽ
text_fieldsകുവൈത്ത് സിറ്റി: പ്രതീക്ഷ തെറ്റിച്ചില്ല, ബംഗ്ലാദേശിനെതിരെ മികവാർന്ന വിജയവുമായി സൗത്ത് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) കപ്പിൽ കുവൈത്ത് ഫൈനൽ യോഗ്യത നേടി. സമനിലയിലേക്ക് നീളുമെന്നു തോന്നിച്ച മത്സരത്തിൽ 106ാം മിനിറ്റിൽ അബ്ദുല്ല അമ്മാർ നേടിയ ഗോളാണ് കുവൈത്തിനെ ഫൈനൽ ബെർത്തിലേക്ക് യോഗ്യരാക്കിയത്. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം മൂന്നിന് ആരംഭിച്ച മത്സരം ഗോൾരഹിതമായി മുന്നോട്ടുപോകുന്നതിനിടെയാണ് അബ്ദുല്ല അമ്മാർ കുവൈത്തിന്റെ ഹീറോയായി അവതരിച്ചത്.
ഗോൾപോസ്റ്റിന് മുന്നിലേക്കായി പാസ് ലഭിച്ച അബ്ദുല്ല അമ്മാർ ബോക്സിലേക്ക് ഓടിക്കയറി ബംഗ്ലാദേശ് ഡിഫൻഡറുടെ കാലിനിടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ചാമ്പ്യൻഷിപ്പിൽ ഒരു കളിയും തോൽക്കാതെയാണ് കുവൈത്ത് ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ഗ്രൂപ് ‘എ’യിലെ ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെ 3-1ന് പരാജയപ്പെടുത്തിയാണ് തുടക്കമിട്ടത്.
രണ്ടാം മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത നാലു ഗോളുകൾ പരാജയപ്പെടുത്തി സെമി യോഗ്യത ഉറപ്പാക്കി. അവസാന ഗ്രൂപ് മത്സരത്തിൽ ശക്തരായ ഇന്ത്യക്കെതിരെ 1-1 സമനില പിടിച്ചു തോൽവി ഒഴിവാക്കി. സെമിയിൽ ബംഗ്ലാദേശിനെയും കീഴടക്കിയതോടെ ഇനി ഒരു വിജയംകൂടി നേടി കിരീടവുമായി മടങ്ങാനാണ് കുവൈത്തിന്റെ ലക്ഷ്യം. ചൊവ്വാഴ്ചയാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.