സ്നേഹമായിരുന്നു സഗീർ തൃക്കരിപ്പൂർ
text_fieldsകുവൈത്ത് സിറ്റി: കോവിഡ്കാലത്ത് കുവൈത്തിലെ പ്രവാസി മലയാളികൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് സഗീർ തൃക്കരിപ്പൂരിെൻറ വിയോഗമായിരുന്നു. നാലു പതിറ്റാണ്ടായി കുവൈത്തിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം പ്രവാസിസമൂഹത്തിലെ സുസമ്മതനായ നേതാവായിരുന്നു.
വ്യത്യസ്ത സംഘടന, രാഷ്ട്രീയ വീക്ഷണമുള്ളവർ ഒരുപോലെ അംഗീകാരവും ആദരവും നൽകിയത് അദ്ദേഹത്തിെൻറ വ്യക്തിത്വത്തിെൻറ മികവുകൊണ്ടായിരുന്നു. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനകളിലൊന്നായ കുവൈത്ത് കേരള മുസ്ലിം അസോസിയേഷെൻറ അനിഷേധ്യ നേതാവായിരുന്ന സഗീർ ജില്ല അസോസിയേഷനുകൾ ഉൾപ്പെടെ നിരവധി സംഘടനകളുടെ രക്ഷാധികാരിയായിരുന്നു. രക്ഷാധികാരിയുടെ സ്ഥാനത്തേക്ക് മിക്കപ്പോഴും അദ്ദേഹത്തിെൻറ പേര് ഒരേ സ്വരത്തിൽ ഉയർന്നുവന്നു. അധികാരിയുടെ ധാർഷ്ട്യമില്ലാതെ രക്ഷയുടെ തണൽ വിരിച്ച് സൗമ്യനായി നിലകൊണ്ടതിനാലായിരുന്നു ഇത്.
പ്രവാസികളുടെ വിവിധ പ്രതിസന്ധിഘട്ടങ്ങളിൽ സംഘടനകളുടെ കൂട്ടായ്മയുണ്ടാക്കുേമ്പാൾ നേതൃനിരയിൽ സഗീർ തൃക്കരിപ്പൂർ എപ്പോഴും ഉണ്ടാകാറുണ്ട്. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി ഉടലെടുത്തപ്പോൾ അതിനെ പ്രതിരോധിക്കാനും പൊതുസമൂഹത്തെ സഹായിക്കാനും കുവൈത്തിലെ ഇന്ത്യൻ സംഘടനകളെ ഏകോപിപ്പിച്ച് കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും അദ്ദേഹം മുൻകൈ എടുത്തു.
കെ.കെ.എം.എക്കു മുമ്പ് കെ.എം.സി.സിയുടെ പ്രസിഡൻറായും വെൽഫെയർ ലീഗ്, മലയാളി ആർട്സ് സെൻറർ, യുനൈറ്റഡ് മലയാളി ഒാർഗനൈസേഷൻ (യു.എം.ഒ) തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹികപ്രവർത്തനത്തിനുള്ള നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. 2012 പ്രവാസി ഭാരതി (കേരള) അവാർഡും ഗർഷോം പ്രവാസി രത്ന അവാർഡും നേടി. കുവൈത്തിലെ നിരവധി ഇന്ത്യൻ സംഘടനകളുടെ ആദരവും അംഗീകാരവും തേടിയെത്തിയിട്ടുണ്ട്.
സഗീർ തൃക്കരിപ്പൂർ കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് മുതൽ പ്രവാസി കൂട്ടായ്മകളും വ്യക്തികളും ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തുവന്നു. കഴിഞ്ഞ മാസം അദ്ദേഹത്തിെൻറ പത്നി മരണത്തിന് കീഴടങ്ങിയപ്പോഴും ഇപ്പോൾ അദ്ദേഹത്തിെൻറ വിയോഗത്തിലും സാമൂഹമാധ്യമങ്ങളിലുണ്ടായ അനുശോചന പ്രവാഹങ്ങൾ പ്രവാസിസമൂഹത്തിൽ അദ്ദേഹത്തിനുണ്ടായ സ്ഥാനം അടയാളപ്പെടുത്തുന്നു.
വാർത്തക്കായി വിവരം ശേഖരിക്കാൻ സഹപ്രവർത്തകരെ വിളിച്ചപ്പോൾ സംസാരിക്കാൻ കഴിയാതെ കണ്ഠം ഇടറുന്ന അവസ്ഥയിലായിരുന്നു മിക്കവാറും പേർ. എെൻറ മാതാവ് മരിച്ചതിനുശേഷം ഇത്രയേറെ ദുഃഖം തോന്നിയ മറ്റൊരു സന്ദർഭമില്ല എന്നാണ് ഒരു സംഘടന നേതാവ് ഫേസ്ബുക്കിൽ പ്രതികരിച്ചത്.
ഏതാണ്ടിതുതന്നെയായിരുന്നു മരണവാർത്ത അറിഞ്ഞപ്പോഴുണ്ടായ പൊതുവികാരവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.