ഭക്ഷ്യസുരക്ഷക്ക് സാൽമൺ ഫാമിങ് പദ്ധതി
text_fieldsകുവൈത്ത് സിറ്റി: സാമ്പത്തിക വൈവിധ്യവത്കരണവും ഭക്ഷ്യസുരക്ഷയും വർധിപ്പിക്കുന്നതിന് സാൽമൺ ഫാമിങ് പദ്ധതിയുമായി കുവൈത്ത്. സാൽമൺ, സീ ബാസ്, ഷെം എന്നിവ കേന്ദ്രീകരിച്ച് ഗവേഷണ യൂനിറ്റ് സ്ഥാപിക്കാനും സീ ബാസ്, കടൽ കുക്കുമ്പർ, പവിഴം എന്നിവ കൃഷി ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതുമാണ് പദ്ധതി.
ഈ വിഭവങ്ങൾ സ്വകാര്യമേഖലക്ക് നൽകുകയും അതുവഴി സാമ്പത്തിക വൈവിധ്യവത്കരണവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഒരു ദശലക്ഷം ചെറുമീൻ ശേഷിയുള്ള ചെറു മത്സ്യ ഉൽപാദന യൂനിറ്റ് മാതൃക കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചാണ് വികസിപ്പിച്ചത്.
മത്സ്യകൃഷി വ്യവസായം വികസിപ്പിക്കൽ, സാമ്പത്തിക മൂല്യമുള്ള മറ്റു സമുദ്രജീവികളുടെ ഉൽപാദനത്തിനുള്ള സാധ്യത തേടൽ എന്നിവയും ലക്ഷ്യങ്ങളാണ്. സീ ബാസ്, കടൽ കുക്കുമ്പർ, പവിഴം തുടങ്ങിയ ഫാർമസ്യൂട്ടിക്കൽ, കോസ്മെറ്റിക്സ് വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന വിലയേറിയ സമുദ്രജീവികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സീ ബാസ് മത്സ്യക്കുഞ്ഞുങ്ങളുടെ കൃഷിക്ക് ബദൽ ഊർജ സ്രോതസ്സുകൾ പ്രയോജനപ്പെടുത്തി ഉൽപാദനത്തിൽ സുസ്ഥിരത വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 2027ൽ പൂർത്തീകരണം ലക്ഷ്യമുടുന്ന ഈ പദ്ധതി സമുദ്രോൽപന്നങ്ങളുടെ സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും കൈവരിക്കുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രാദേശിക വിപണിയിലെ വിതരണവും ഡിമാൻഡും തമ്മിലുള്ള അന്തരം കുറക്കൽ, സമുദ്രോൽപന്നങ്ങളുടെ വില സ്ഥിരപ്പെടുത്തൽ, സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയും ലക്ഷ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.