വിൽപനക്ക് തയാറാക്കി വെച്ച ‘സംസം’ പിടിച്ചെടുത്തു
text_fieldsകുവൈത്ത് സിറ്റി: ഹവല്ലിയിലെ ഗോഡൗണിൽനിന്ന് വിൽപനക്ക് തയാറാക്കി വെച്ച 23,300 ബോട്ടിൽ സംസം പിടിച്ചെടുത്തു. വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. കാനുകളിൽ പാക്ക് ചെയ്ത് വിൽപനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു ഇവ.
200 മില്ലി ഉൾകൊള്ളുന്ന 23,300 കുപ്പികളിലായി 923 കാർട്ടണുകളിലായാണ് സംസം സൂക്ഷിച്ചുവെച്ചിരുന്നത്. ബോട്ടിലുകളിൽ ‘സംസം വെള്ളം’ എന്ന് പേരെഴുതി ഒട്ടിക്കുകയും ചെയ്തിരുന്നു. ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണ്.
രാജ്യത്ത് വ്യാവസായിക ആവശ്യത്തിനായി സംസം വെള്ളം ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുണ്ട്. വിപണികളിൽ ഇവയുടെ പ്രദർശനവും പ്രചാരവും നടത്തുന്നതിനും വിലക്കുണ്ട്. നിയലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധന കാമ്പയിനുകൾ തുടരുമെന്നും അധികൃതർ അറിയിച്ചു. വഞ്ചനക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.