തളർന്നിട്ടും തളരാതെ സന്തോഷ് വിമാനം കയറി; ഭാര്യയുടെ ചികിത്സക്കായി
text_fields
കുവൈത്ത് സിറ്റി: ഡോക്ടർ തീർത്തുപറഞ്ഞു, ‘‘നിങ്ങൾ പോവരുത്. നിങ്ങൾക്കതിനുള്ള ആരോഗ്യശേഷിയില്ല’’. പക്ഷേ, കേൾക്കാനും അനുസരിക്കാനും സന്തോഷിന് നിവൃത്തിയില്ലായിരുന്നു. ശ്വാസംകിട്ടാതെ വേച്ചുപോവുേമ്പാൾ അൽപമൊന്നിരിക്കും. പിന്നെയും ആവുന്നപോലെ ജോലി ചെയ്യും. അങ്ങനെ ദിവസങ്ങൾ തള്ളിനീക്കുകയാണ് ചെങ്ങന്നൂർ സ്വദേശിയായ ഇൗ 42കാരൻ. ഭാരമുള്ള ജോലി ചെയ്യിക്കാതിരിക്കാൻ സുഹൃത്തുക്കൾ ശ്രദ്ധിക്കാറുണ്ട്. ഫർവാനിയയിലെ സ്കൂളിൽ ക്ലീനിങ് വിഭാഗത്തിലാണ് സന്തോഷ് ജോലിചെയ്യുന്നത്. ഏഴുവർഷമായി കുവൈത്തിലെത്തിയിട്ട്. രണ്ടുവർഷം മുമ്പ് നാട്ടിൽപോയപ്പോഴാണ് രോഗം തിരിച്ചറിയുന്നത്.
ഇവിടന്ന് പോവുേമ്പാൾ തന്നെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയില്ല. നാട്ടിൽവെച്ച് അവശനായതോടെ ഡോക്ടറെ കാണിച്ചു.
മരുന്നുകൊണ്ട് മാറാതായതോടെ മെഡിക്കൽ കോളജിലെത്തി സ്കാൻ ചെയ്തപ്പോഴാണ് രക്തസമ്മർദത്തെ തുടർന്ന് വൃക്ക ചുരുങ്ങിയത് മനസ്സിലായത്. അപ്പോഴേക്കും അവധി കഴിഞ്ഞ് തിരിച്ചുപോരാനായിരുന്നു. മൂന്നുദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഡോക്ടർ തീർത്തുപറഞ്ഞു, പോവരുതെന്ന്. സന്തോഷ് പറഞ്ഞു. ‘‘ഇല്ല സർ, ഞാൻ പോവും.
കാൻസർ ബാധിച്ച ഭാര്യയെ ചികിത്സിക്കണം. ഒന്നാം ക്ലാസിലുള്ള മോനെ പഠിപ്പിക്കണം, വയസ്സായ അമ്മയെ നോക്കണം. വീഴുംവരെ ഞാൻ ശ്രമിക്കും’’.
ഡോക്ടർക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ആറുമാസം കൂടുേമ്പാൾ നാട്ടിൽനിന്ന് മരുന്നു വരുത്തിച്ചാണ് പിടിച്ചുനിൽക്കുന്നത്. ശരീരം തളരുന്നത് സന്തോഷ് അറിയുന്നുണ്ട്. മനസ്സുതളരാതെ പിടിച്ചുനിൽക്കുകയാണ്. ഭാര്യക്ക് അഞ്ചുവർഷം മുമ്പാണ് കാൻസർ പിടിപെട്ടത്. കുവൈത്തിലെ ഫർവാനിയ ആശുപത്രിയിലെ മലയാളിയായ ഡോക്ടർ റോബിൻ അദ്ഭുതപ്പെടുന്നത് സന്തോഷിന് എങ്ങനെ വരാൻ കഴിഞ്ഞുവെന്നാണ്.
തിരിച്ചുപോയി വൈകാതെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വേണമെന്നും നിർദേശിച്ചിട്ടുണ്ട്. വൃക്ക നൽകാൻ സഹോദരി തയാറാണ്. ശസ്ത്രക്രിയക്കുള്ള 10 ലക്ഷം രൂപക്ക് ഒരുവഴിയും കാണുന്നില്ല. ശരീരം സമ്മതിക്കുവോളം അധ്വാനിച്ച് ജീവിക്കാനാണ് സന്തോഷിനിഷ്ടം. സാമൂഹികപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇപ്പോൾ സഹായം തേടുന്നത്. ഒരുകൈ സഹായിച്ചാൽ ഇദ്ദേഹം ആരോഗ്യം വീണ്ടെടുക്കും. ഫോൺ: 0096597188395. കനറ ബാങ്ക്, ചെങ്ങന്നൂർ ശാഖയിലെ അക്കൗണ്ട് നമ്പർ: 1990101019953689121.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.